കേരളത്തിൽ ശക്തമായി മഴ തുടരുമ്പോൾ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു. സംസ്ഥാനത്തെ ഏഴ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജല നിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.12 അടിയിലെത്തി.
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തു ഇടവിട്ട് മഴ ഇപ്പോഴും പെയ്യുന്നുണ്ട്. ജലനിരപ്പ് ഉയരുന്നത് സാവധാനം ആയതിനാൽ കൂടുതൽ വെള്ളം തുറന്നു വിടേണ്ടില്ല. ഇടുക്കി ഡാം ഇന്നലെ തുറന്നിരുന്നു. ചെറുതോണി അണക്കെട്ടിൻ്റെ മൂന്നാമത്തെ ഷട്ടറാണ് തുറന്നത്. നാൽപ്പത് സെൻ്റിമീറ്റർ ഉയരത്തിലാണ് ഡാം തുറന്നത്. 30 മുതൽ 40 വരെ ക്യുമെക്സ് ജലം ഒഴുക്കി വിട്ടിരുന്നു. മുല്ലപ്പെരിയാർ ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാൽ ഇടുക്കി ഡാമിലെ മറ്റ് ഷർട്ടറുകളും ഉയർത്തേണ്ടി വരും. മുല്ലപ്പെരിയാർ ജലനിരപ്പ് 140.35 അടിയായി.
ജലനിരപ്പ് ഉയർന്നതോടെ അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി ആദ്യ ജാഗ്രതാ നിർദേശം ഇന്നലെ നൽകിയിരുന്നു. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2250 ഘനയടിയായി ഉയർത്തിയിരുന്നു. എങ്കിലും രാത്രിയോടെ നീരൊഴുക്ക് ശക്തമായതാണ് ജലനിരപ്പ് ഉയരാനിടയാക്കിയത്. മുല്ലപ്പെരിയാർ തുറക്കുന്നത് കണക്കിലെടുത്ത് ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നിരുന്നു. സെക്കൻഡിൽ നാൽപതിനായിരം ലീറ്റർ വെള്ളമാണ് പുറത്തേക്ക് വിടുന്നത്. കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കുന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകും.
അതേസമയം കേരളത്തിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുള്ളത്തിനാൽ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. റെഡ് അലർട്ടിന് സമാനമായ ജാഗ്രത എല്ലാ ജില്ലകളിലും തുടരണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും തുടർച്ചയായ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. എൻഡിആർഎഫിന്റെ നാല് യൂണിറ്റുകൾ കൂടി സംസ്ഥാനത്ത് എത്തും. എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post