പാലക്കാട്: മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ എലപ്പുള്ളി സ്വദേശി സഞ്ജിത് (27) നെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. തിങ്കളാഴ്ച രാവിലെ ഭാര്യയോടൊപ്പം ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പ്രതികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇന്നലെ രാത്രി പാലക്കാട് എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. എട്ടു സംഘങ്ങൾ ആയി തിരിഞ്ഞാണ് അന്വേഷണം. പ്രതികൾ സഞ്ചരിച്ച വാഹനം വാളയാർ തൃശ്ശൂർ ഹൈവേയിൽ പ്രവേശിച്ചെന്ന് വ്യക്തമായതിനാൽ ഹൈവേ കേന്ദ്രീകരിച്ച് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ട്.
പ്രതികൾ ഉപയോഗിച്ച കാറിൻറെ ഉടമയെ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം സഞ്ജിത്തിനെ ആക്രമിച്ച കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവർത്തകരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.












