തിരുവനന്തപുരം: അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ വിഷയത്തില്‍ ശിശുക്ഷേമ സമിതിക്ക് കോടതിയുടെ വിമര്‍ശനം. വിഷയത്തില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോഴാണ് കോടതിയുടെ വിമര്‍ശനമുണ്ടായത്.
കോടതി ആവശ്യപ്പെട്ടിട്ടും ദത്ത് ലൈസന്‍സ് ശിശുക്ഷേമ സമിതി ഹാജരാക്കിയില്ല. സമിതിക്കു സ്റ്റേറ്റ് അഡോപ്ഷന്‍ റഗുലേറ്ററി അതോറിറ്റി നല്‍കിയ അഫിലിയേഷന്‍ ലൈസന്‍സ് 2016-ല്‍ അവസാനിച്ചിരുന്നു. ഇതിന്റെ പുതുക്കിയ യഥാര്‍ഥ രേഖ സത്യവാങ്മൂലത്തോടൊപ്പം ഹാജരാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. വിഷയത്തില്‍ ഒറിജിനല്‍ ലൈസന്‍സ് ഹാജരാക്കണമെന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി.
കുഞ്ഞിനെ ആന്ധ്രാ സ്വദേശികള്‍ക്ക് ദത്ത് നല്‍കിയ വിഷയത്തില്‍ അന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് തിരുവനന്തപുരം കുടുംബ കോടതിയില്‍ ശിശുക്ഷേമ സമിതി പറഞ്ഞു. ഇതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഈ മാസം 29 വരെ സമയം വേണമെന്നും ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു. കേസില്‍ വീഴ്ച സംഭവിക്കാതെ ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് മുപ്പതാം തീയതി വീണ്ടും പരിഗണിക്കും
അതേസമയം അനധികൃതമായാണ് കുഞ്ഞിനെ ദത്തു നല്‍കിയതെന്ന അമ്മ അനുപമ എസ്.ചന്ദ്രന്റെ പരാതിയില്‍, കുഞ്ഞിനെ തിരികെ കൊണ്ടുവരാന്‍ ശിശുക്ഷേമ സമിതി പ്രതിനിധിയും പൊലീസും ആന്ധ്രയിലേക്കുപോയി. ആന്ധ്രയിലെ അധ്യാപക ദമ്പതികള്‍ക്കു ദത്തു നല്‍കിയ കുഞ്ഞിനെ 5 ദിവസത്തിനകം തിരികെ എത്തിക്കാന്‍ ശിശുക്ഷേമ സമിതി ഉത്തരവിട്ടിരുന്നു
Discussion about this post