ഗുര്‍ദാസ്പുര്‍: നിയന്ത്രണരേഖയ്ക്ക് അപ്പുറത്തു നിന്നുള്ള കടുത്ത സുരക്ഷാ ഭീഷണികളെ രാജ്യം നേരിടുന്നതിനിടെ പാകിസ്താനുമായുള്ള അതിര്‍ത്തികള്‍ വ്യാപാര ആവശ്യത്തിനായി തുറക്കണമെന്ന ആവശ്യവുമായി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജോത് സിങ് സിദ്ധു. കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ തന്റെ മുതിര്‍ന്ന സഹോദരന്‍ എന്ന് വിശേഷിപ്പിച്ചത് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. തൊട്ടുപിന്നാലെയാണ് അതിര്‍ത്തികള്‍ വ്യാപാര ആവശ്യത്തിനായി തുറക്കണമെന്ന സിദ്ധുവിന്റെ ആവശ്യം.
പഞ്ചാബികളുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അതിര്‍ത്തികള്‍ വ്യാപാര ആവശ്യത്തിനായി തുറക്കണം. എന്തിനാണ് 2100 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടിവരുന്ന മുന്ദ്ര തുറമുഖം വഴി വ്യാപാരം നടത്തുന്നത്. ഇവിടെനിന്ന് 21 കിലോമീറ്റര്‍ മാത്രമാണ് പാകിസ്താനിലേക്ക് ഉള്ളത്. അതിര്‍ത്തികള്‍ തുറന്നാല്‍ ആറ് മാസത്തിനകം ഇരുരാജ്യങ്ങള്‍ക്കും വന്‍ വികസനം നേടാന്‍ കഴിയും. 60 വര്‍ഷംകൊണ്ട് ഉണ്ടാകുന്ന വികസനം ആറ് മാസംകൊണ്ട് ഉണ്ടാകും.
ജനങ്ങളുടെ ജീവിത്തില്‍ മാറ്റം കൊണ്ടുവരുന്നതിനുള്ള സുവര്‍ണാവസരം ആണിത്. വാതിലുകള്‍ തുറക്കണമെന്ന് മോദിയോടും ഖാനോടും അഭ്യര്‍ഥിക്കുന്നു. 2,75,000 കോടി അമേരിക്കന്‍ ഡോളറിന്റെ വ്യാപാര സാധ്യതയാണ് മുന്നിലുള്ളത്. കറാച്ചി – മുംബൈ പാത സമ്പന്നര്‍ക്കുവേണ്ടി തുറക്കാമെങ്കില്‍ ലാഹോര്‍ – അമൃത്സര്‍ പാത സാധാരണക്കാരായ പഞ്ചാബികള്‍ക്കുവേണ്ടി എന്തുകൊണ്ട് തുറന്നുകൂടാ എന്നും സിദ്ധു ചോദിച്ചു.
പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സിദ്ദുവിന്റെ സുഹൃത്താണെന്നും പാക് സൈനിക തലവന്‍ ഖമര്‍ ജാവേദ് ബജ്വയുമായി സിദ്ദുവിന് ബന്ധങ്ങളുണ്ടെന്നും പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. അതിനാല്‍ സിദ്ദു പഞ്ചാബ് മുഖ്യമന്ത്രിയാകുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അമരീന്ദര്‍ പറഞ്ഞിരുന്നു. അമരീന്ദറിന്റെ ആരോപണം ഗൗരവതരമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപിയും രംഗത്തെത്തി. പിന്നാലെയാണ് പാകിസ്താനുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളുമായി സിദ്ധു രംഗത്തെത്തിയിട്ടുള്ളത്. സിദ്ധുവുമായുള്ള ഭിന്നതകളെത്തുടര്‍ന്നാണ് അമരീന്ദറിന് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്.
Discussion about this post