ഡൽഹി: കൊവിഡിന്റെ മാരക വകഭേദമായ ഒമിക്രോൺ വ്യാപനത്തിന്റെ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ജാഗ്രത ശക്തമാക്കി ഇന്ത്യ. പുതിയ സാഹചര്യം പരിഗണിച്ച് വിമാന സർവീസുകൾ തുടങ്ങുന്നതിൽ പുനരാലോചന നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയിൽ നിന്നും തിരിച്ചും അന്താരാഷ്ട്ര വിമാന സർവീസുകൾ ഡിസംബര്‍ 15-ന് ഉപാധികളോടെ പുനരാരംഭിക്കുമെന്നാണ് നേരത്തെ വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നത്.
കൊവിഡ് ഭീഷണി തുടരുന്ന ബ്രിട്ടൻ, സിംഗപ്പുർ, ചൈന, ബ്രസീൽ, ബംഗ്ളാദേശ്, മൗറീഷ്യസ്, സിംബാബ്‍വെ, ന്യൂസീലൻഡ് തുടങ്ങിയ 14 രാജ്യങ്ങളിലേക്ക് പരിമിതമായേ സർവീസ് നടക്കുകയുള്ളൂ എന്ന് വ്യോമയാന മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. അതേസമയം ഒമിക്രോൺ വിവിധ രാജ്യങ്ങളിലേക്ക് പടരുന്നതിന്റെ സാഹചര്യത്തിൽ വിമാന സർവീസുകളുടെ ഇളവുകൾ സംബന്ധിച്ച് പുനരാലോചന നടത്താൻ പ്രധാനമന്ത്രി ആവശ്യപ്പെടുകയായിരുന്നു.
ഒമിക്രോണ്‍ വ്യാപിച്ച ദക്ഷിണാഫ്രിക്കയില്‍ നിന്നും മറ്റു ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രയ്ക്ക് യുഎസ് അടക്കം ഇതിനോടകം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍, യുകെ, കാനഡ യുഎഇ, ബഹറിൻ തുടങ്ങിയ രാജ്യങ്ങളും യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.









