അഞ്ച് നൂറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം ദൃശ്യമായി ദിവസങ്ങൾക്ക് ശേഷം അടുത്ത ആകാശ വിസ്മയത്തിന് കാത്ത് ലോകം. ഈ വർഷത്തെ അവസാന സമ്പൂർണ്ണ സൂര്യഗ്രഹണം ഡിസംബർ 4ന് ആയിരിക്കുമെന്ന് ഗവേഷകർ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത് ദൃശ്യമാകും.
ഭൂമിയുടെ ദക്ഷിണാർദ്ധ ഗോളത്തിലിള്ളവർക്കായിരിക്കും ഇത് വ്യക്തമായി കാണാൻ സാധിക്കുക. ഭൂമിയിൽ പതിക്കുന്ന ചന്ദ്രന്റെ നിഴലിന്റെ കേന്ദ്ര ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലും ഇത് കാണാൻ സാധിക്കും. സമ്പൂർണ്ണ സൂര്യഗ്രഹണം പൂർണ്ണമായി ദൃശ്യമാകുന്ന ഒരേയൊരു സ്ഥലം അന്റാർട്ടിക്ക ആയിരിക്കും.
ആളുകൾക്ക് പ്രത്യേക കണ്ണട ഉപയോഗിക്കാതെ ഗ്രഹണം കാണാൻ സാധിക്കും എന്നതാണ് സമ്പൂർണ്ണ സൂര്യഗ്രഹണത്തിന്റെ പ്രത്യേകത. ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറയ്ക്കുന്ന സമയത്ത് കണ്ണടകൾ ആവശ്യമായി വരില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഡിസംബർ 4 ഇന്ത്യൻ സമയം പകൽ 10.59ന് ആരംഭിക്കുന്ന സൂര്യഗ്രഹണം 12.30 ഓടെ ദൃശ്യമാകും. ഉച്ചയ്ക്ക് 01.03ഓടെ പരമാവധി ഗ്രഹണം ദൃശ്യമാകുകയും വൈകുന്നേരം 3.07ഓടെ അവസാനിക്കുകയും ചെയ്യും. ദക്ഷിണ ഓസ്ട്രേലിയ, ദക്ഷിണ ആഫ്രിക്ക, ദക്ഷിണ അമേരിക്ക, പസഫിക്, അറ്റ്ലാന്റിക്, ഇന്ത്യൻ മഹാസമുദ്രങ്ങൾ, അന്റാർട്ടിക്ക എന്നിവിടങ്ങളിൽ ഗ്രഹണം ദൃശമാകും. ഇന്ത്യയിൽ ഇത് ദൃശ്യമാകില്ല.
Discussion about this post