ഡൽഹി: സുപ്രധാന ആയുധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും റഷ്യയും. ഇരുപത്തിയൊന്നാമത് വാർഷിക ഉച്ചകോടിക്ക് മുന്നോടിയായി ദില്ലിയിൽ നടന്ന മന്ത്രിതല കൂടിക്കാഴ്ച്ചയിലാണ് സൈനിക സഹകരണത്തിനുള്ള നിർണായക തീരുമാനങ്ങളുണ്ടായത്. AK 203 തോക്കുകൾ വാങ്ങുന്നതിനുള്ള കരാറടക്കം സുപ്രധാനമായ കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.
കലാഷ്നിക്കോവ് സീരിസിലെ തോക്കുകൾ കൈമാറാനുള്ള കരാറിൽ ഭേദഗതി വരുത്താനും തീരുമാനമായി. റഷ്യൻ പ്രതിരോധമന്ത്രി സർജേ ഷൊയ്ഗുവ്, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായും റഷ്യൻ വിദേശകാര്യമന്ത്രി സെർജെ ലവ്റോവ്, വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും നടത്തിയ കൂടിക്കാഴ്ച്ചയിലാണ് നിർണായക തീരുമാനങ്ങൾ.
അഫ്ഗാനിലെ രാഷ്ട്രീയ സംഭവങ്ങൾ മധ്യേഷയിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ, സമുദ്രസുരക്ഷ, തീവ്രവാദ ഭീഷണി തുടങ്ങിയ വിഷയങ്ങൾ വിദേശകാര്യ മന്ത്രിമാർ തമ്മിൽ നടന്ന ചർച്ചയിൽ ഉയർന്നു. ഇതിനു പുറമെ വ്യാപാര, ഊർജ്ജ, സാങ്കേതികവിദ്യ മേഖലകളിലെ സഹകരണവും മന്ത്രിതല കൂടിക്കാഴ്ച്ചയിൽ ചർച്ചയായതായാണ് സൂചന.
റഷ്യ ഇന്ത്യയ്ക്ക് കൈമാറാൻ ഇരിക്കുന്ന എസ് 400 മിസൈലിന്റെ മാതൃക പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയിൽ റഷ്യൻ പ്രസിഡന്റ് പുടിന് കൈമാറും. പുടിന്റെ സന്ദർശനത്തിന് മുന്നോടിയായി രണ്ട് എസ് 400 മിസൈലുകൾ റഷ്യ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്.
Discussion about this post