ഡൽഹി:കോപ്റ്റര്‍ അപകടം സംയുക്തസേനാസംഘം അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. എയര്‍മാര്‍ഷല്‍ മാനവേന്ദ്രസിങ് നേതൃത്വം നല്‍കും. കോപ്റ്റര്‍ പുറപ്പെട്ടത് 11.48ന് സുലൂരില്‍നിന്നാണ്, 12.15ന് വെല്ലിങ്ടണില്‍ എത്തേണ്ടതായിരുന്നു. 12.08ന് കോപ്റ്ററുമായി ആശയവിനിമയബന്ധം നഷ്ടമായെന്നും മന്ത്രി ലോക്സഭയെ അറിയിച്ചു.
13പേർ മരിച്ചു, എല്ലാവരുടെയും മൃതദേഹം ഡല്‍ഹിയിലെത്തിക്കും. ജന. റാവത്ത് അസാധാരണ ധീരതയോടെ രാജ്യത്തെ സേവിച്ചുവെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ഹെലികോപ്റ്റർ അപകടത്തെ കുറിച്ച് പാർലമെന്റിൽ നടത്തിയ പ്രസ്താവനയിലാണ് പ്രതിരോധ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഡൽഹിയിൽ നിന്നും വില്ലിംഗ്ടൺ ഐലന്റിലെ പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം തമിഴ്‌നാട്ടിലേക്ക് തിരിച്ചതെന്ന് രാജ്‌നാഥ് സിങ് സഭയിൽ പറഞ്ഞു. ഹെലികോപ്റ്റർ 12.15ന് ലാൻഡ് ചെയ്യേണ്ടതായിരുന്നു. 12.08ഓട് കൂടി എയർ ട്രാഫിക് കൺട്രോളിന് ഹെലികോപ്റ്ററുമായുള്ള ബന്ധം ഇല്ലാതായി. മോശം കാലാവസ്ഥയെ തുടർന്ന് ലാൻഡിംഗ് നടന്നിരുന്നില്ല.
നാട്ടുകാരാണ് ഹെലികോപ്റ്റർ അപകടത്തെ കുറിച്ച് അധികാരികളെ അറിയിക്കുന്നത്. ഹെലികോപ്റ്റർ കത്തി വീഴുന്നത് സമീപവാസികൾ കണ്ടിരുന്നു. നാട്ടുകാരും പ്രാദേശിക ഉദ്യോഗസ്ഥരുമാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. അധികം വൈകാതെ തന്നെ സേനാ ഉദ്യോഗസ്ഥരും ഇവിടേക്ക് എത്തിയെന്നും പ്രതിരോധ മന്ത്രി സ്ഥിരീകരിച്ചു.








