ഡൽഹി: ജനറൽ ബിപിൻ റാവത്തിന്റെ മരണം ആഘോഷമാക്കിയവർക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ നടപടി ആരംഭിച്ച് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ അറസ്റ്റിലായ ജവാദ് ഖാനെതിരെ കൂടുതൽ നടപടിക്ക് പൊലീസ് ശുപാർശ നൽകി. ഏറ്റവും പ്രകോപനപരവും വർഗീയ വിഷം ചീറ്റുന്നതുമായിരുന്നു ജവാദ് ഖാന്റെ വാക്കുകൾ എന്ന് പൊലീസ് വ്യക്തമാക്കി.
ഇസ്ലാമിക മൗലികവാദിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ജവാദ് ഖാന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ താലിബാൻ അനുകൂല പോസ്റ്റുകളുടെ കുത്തൊഴുക്കാണ്. ട്വിറ്റർ ബയോയിലും ഇസ്ലാമിക മൗലികവാദി എന്നാണ് ഇയാൾ രേഖപ്പെടുത്തിയിരിക്കുന്നത്. അക്രമ മാർഗ്ഗത്തിലൂടെ അയോദ്ധ്യയിൽ പള്ളി പണിയണമെന്ന ഡിസംബർ 6ലെ പോസ്റ്റും പൊലീസ് തെളിവായി ശേഖരിച്ചിട്ടുണ്ട്.
ഇന്ത്യൻ ദേശീയതയേക്കാൾ ഉപരിയായി ശരീഅത്ത് നിയമങ്ങളാണ് പ്രായോഗികം എന്നും ഇയാൾ പറയുന്നു. ശ്രീകൃഷ്ണ ജന്മഭൂമിക്ക് സമീപത്തെ ഷാഹി ഈദ്ഗാഹ് സംരക്ഷിക്കാൻ ആയുധമെടുക്കാനും ജവാദ് ഖാൻ മഥുരയിലെ മുസ്ലീങ്ങളോട് ആഹ്വാനം ചെയ്യുന്നു.
ബിപിൻ റാവത്തിന്റെ വിയോഗത്തിൽ ആഹ്ളാദം രേഖപ്പെടുത്തി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടവരുടെ എല്ലാ പോസ്റ്റുകളും വിശകലനം ചെയ്താണ് പൊലീസ് നടപടികൾ സ്വീകരിക്കുന്നത്. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അന്തരിച്ചതിൽ ആഹ്ളാദം രേഖപ്പെടുത്തി മലയാളത്തിലും കമന്റുകൾ വന്നിരുന്നു. എന്നാൽ കേരളത്തിൽ ഇത്തരം ഒരു നീക്കം പൊലീസിന്റെ ഭാഗത്ത് നിന്നും ആരംഭിച്ചതായി റിപ്പോർട്ട് ഇല്ല.








