ബ്രിസ്ബേൻ: ഒന്നാം ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് തകർപ്പൻ ജയം. നാലാം ദിനം മത്സരം പുനരാരംഭിച്ചപ്പോൾ 45 റൺസിനിടെ നാല് വിക്കറ്റ് നഷ്ടമായതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. 89 റൺസെടുത്ത ഡേവിഡ് മലനെ പുറത്താക്കിക്കൊണ്ട് സ്പിന്നർ നഥാൻ ലിയോണാണ് ഇംഗ്ലണ്ടിന് ആദ്യ പ്രഹരം ഏൽപ്പിച്ചത്. ഇത് ലിയോണിന്റെ 400ആം ടെസ്റ്റ് വിക്കറ്റ് ആയിരുന്നു.
തുടർന്ന് 89 റൺസെടുത്ത നായകൻ ജോ റൂട്ടിനെ കാമറൂൺ ഗ്രീൻ മടക്കി. 4 റൺസെടുത്ത ഒലി പോപ്പിനെ പുറത്താക്കി ലിയോൺ വീണ്ടും ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. സ്റ്റോക്സിനെ കമ്മിൻസും പുറത്താക്കിയതോടെ ഇംഗ്ലണ്ട് തോൽവി ഉറപ്പിച്ചു. ബട്ലറുടെ വിക്കറ്റ് ഹേസൽവുഡിനാണ്.
വെള്ളിയാഴ്ച പുറത്താകാതെ നിന്ന റൂട്ടും മലാനും ഇംഗ്ലണ്ടിന് മികച്ച പ്രതീക്ഷകൾ സമ്മാനിച്ചിരുന്നു. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 220/2 എന്ന ശക്തമായ നിലയിലായിരുന്നു ഇംഗ്ലണ്ട്. ഓസീസിൽ നിന്നും വെറും 58 റൺസ് മാത്രം അകലെയായിരുന്നു അവർ. ആ നിലയിൽ നിന്നാണ് ബാറ്റിംഗ് നിര ചീട്ട് കൊട്ടാരം പോലെ നിലം പൊത്തിയത്.
നേരത്തെ, തങ്ങളുടെ രണ്ടാം ദിവസത്തെ സ്കോറിനോട് 82 റൺസ് കൂടി കൂട്ടിച്ചേർത്ത് 278 റൺസിന്റെ ലീഡുമായാണ് ഓസീസ് ബാറ്റിംഗ് അവസാനിപ്പിച്ചത്. ഒന്നാം ഇന്നിംഗ്സിൽ 425 റൺസായിരുന്നു ഓസ്ട്രേലിയയുടെ സ്കോർ.
ഇംഗ്ലണ്ട് ഓൾ ഔട്ടായതോടെ ജയിക്കാൻ വെറും 20 റൺസ് മാത്രം വേണ്ടിയിരുന്ന ആതിഥേയർ ലഞ്ചിന് ശേഷം 5.1 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.
സ്കോർ
ഇംഗ്ലണ്ട്: 147/10
297/10
ഓസ്ട്രേലിയ: 425/10
20/1
Discussion about this post