കുട്ടിക്കുരങ്ങനെ നായ്ക്കൾ കടിച്ചു കൊന്നതിന് പിന്നാലെ സംഘമായെത്തിയ വാനരന്മാർ കൊന്നൊടുക്കിയത് ഇരുനൂറ്റിയൻപതോളം തെരുവ് നായ്ക്കളെ. മഹാരാഷ്ട്രയിലെ ബീദിലാണ് സംഭവം. മുംബൈയിൽ നിന്നും 300 മൈൽ അകലെയുള്ള ഉൾനാടൻ പട്ടണത്തിലായിരുന്നു ഗാംഗ്സ്റ്റർ സിനിമകളെ വെല്ലുന്ന കുടിപ്പക അരങ്ങേറിയത്.
നായ്ക്കൾ സംഘം ചേർന്ന് കുട്ടിക്കുരങ്ങനെ കൊലപ്പെടുത്തിയതോടെയാണ് സംഭവ പരമ്പരകൾ ആരംഭിക്കുന്നത്. തുടർന്ന് കൂട്ടമായി ഗ്രാമത്തിലിറങ്ങിയ വാനരന്മാർ നായ്ക്കളെ തെരഞ്ഞു പിടിച്ച് കൊല്ലാൻ തുടങ്ങി. ആക്രമിച്ച ശേഷം നായ്ക്കളെ മരങ്ങളുടെയും വലിയ കെട്ടിടങ്ങളുടെയും മുകളിൽ നിന്നും താഴേക്ക് വലിച്ചെറിഞ്ഞായിരുന്നു വാനരന്മാർ കൊന്നിരുന്നത്.
ഗ്രാമത്തിന്റെ പത്ത് കിലോമീറ്റർ ചുറ്റളവിൽ നായ്ക്കളുടെ വംശം വേരറ്റു എന്നാണ് നാട്ടുകാരുടെ സാക്ഷ്യം. തെരുവുനായ്ക്കളെ കൊന്ന് തീർന്ന ശേഷം വാനരന്മാർ വളർത്തു നായകളുടെ നേർക്കും തിരിഞ്ഞു. തുടർന്ന് പ്രദേശവാസികളിൽ ഒരാൾ വനം വകുപ്പിന് പരാതി നൽകിയതോടെയാണ് സംഭവം വാർത്തയായത്.









