ഡൽഹി: രാജ്യത്ത് ഭീതി പരത്തി ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്നു. ഇതുവരെ രാജ്യത്ത് 358 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ തന്നെയാണ് കൂടുതൽ ഒമിക്രോൺ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മഹാരാഷ്ട്രയിൽ 88 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. തൊട്ടുപിന്നിൽ ഡൽഹിയാണ്. 67 പേർക്കാണ് ഇവിടെ ഒമിക്രോൺ വൈറസ് ബാധ. തെലങ്കാന- 38, തമിഴ്നാട്- 34, കർണാടക -31, ഗുജറാത്ത് -30, കേരളം- 29 എന്നിങ്ങനെയാണ് ഒമിക്രോൺ കേസുകളുടെ എണ്ണം. കേസുകൾ വർദ്ധിച്ചതോടെ പല സംസ്ഥാനങ്ങളും രാത്രികാല കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.
ഒമിക്രോൺ വ്യാപനം ഉയർന്നതോടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഡൽഹി തീരുമാനിച്ചു. ഇതിന് പിന്നാലെ മധ്യപ്രദേശും, ഉത്തർപ്രദേശും രാത്രികാല കർഫ്യൂ ഏർപ്പെടുത്തുകയും ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കാൻ തീരുമാനിക്കുകയും ചെയ്തു.
ഉത്തർപ്രദേശിൽ രാത്രി 11 മണി മുതൽ രാവിലെ അഞ്ച് വരെയാണ് രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 25 മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. സംസ്ഥാനത്ത് എല്ലാ ചടങ്ങുകൾക്കും കൊവിഡ് പ്രോട്ടോക്കോൾ കർശനമാക്കിയിട്ടുണ്ട്. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 200 ആക്കി ചുരുക്കി.
മധ്യപ്രദേശിൽ ഇന്ന് മുതൽ രാത്രികാല കർഫ്യൂ നിലവിൽ വരും. ഒമിക്രോൺ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ മിക്ക സംസ്ഥാനങ്ങളും ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.












