തിരുവനന്തപുരം: വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ മലയാളികൾക്ക് അടുത്ത ഇരുട്ടടി. സംസ്ഥാനത്തെ ഓട്ടോ-ടാക്സി നിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനമായി. യൂണിയൻ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ ചർച്ചയിലാണ് തീരുമാനം.
നിരക്ക് വർദ്ധന പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയെ ചുമതലപ്പെടുത്തി. നിരക്ക് വർദ്ധന വേണമെന്ന യൂണിയൻ നേതാക്കളുടെ ആവശ്യം ന്യായമാണെന്നാണ് മന്ത്രിയുടെ പക്ഷം. വിഷയത്തിൽ ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് കമ്മിറ്റിക്ക് നിർദേശം നൽകിയിരിക്കുന്നത്.
മിനിമം ചാർജ്ജ് അഞ്ച് രൂപയെങ്കിലും കൂട്ടണമെന്നാണ് യൂണിയൻ നേതാക്കളുടെ ആവശ്യം. ടാക്സി നിരക്കുകൾ പുതുക്കുന്നതിന് പുറമെ പഴയ വാഹനങ്ങളുടെ ജിപിഎസ് ഒഴിവാക്കുക, സഹായ പാക്കേജുകൾ പ്രഖ്യാപിക്കുക എന്നിവയും തൊഴിലാളികളുടെ ആവശ്യമാണ്. പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്ന് മൂന്ന് വർഷം പോലും തികയുന്നതിന് മുൻപാണ് വീണ്ടും നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
മന്ത്രിയുടെ ഭാഗത്ത് നിന്നും അനുകൂല തീരുമാനം ഉണ്ടായ സാഹചര്യത്തിൽ ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കാനിരുന്ന പണിമുടക്കിൽ നിന്ന് പിന്മാറിയതായി യൂണിയൻ നേതാക്കൾ അറിയിച്ചു.











