ന്യൂയോർക്ക്: ന്യൂയോർക്കിലെ പാർപ്പിട സമുച്ചയത്തിൽ ഉണ്ടായ തീപിടുത്തത്തിൽ 9 കുട്ടികൾ ഉൾപ്പെടെ 19 പേർ വെന്ത് മരിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റു. ഇതിൽ 32 പേരുടെ നില ഗുരുതരമാണ്.
അഗ്നിബാധ ഉണ്ടായ കെട്ടിടത്തിന്റെ എല്ലാ ഫ്ലോറുകളിലും ആളുകൾ കുടുങ്ങി കിടക്കുകയാണ്. കെട്ടിടമാകെ പുകപടലത്താൽ മൂടിയിരിക്കുകയാണ്. കഴിഞ്ഞ മുപ്പത് വർഷത്തിനിടെ ന്യൂയോർക്കിൽ ഉണ്ടായ ഏറ്റവും വലിയ അപകടം എന്നാണ് തീപിടുത്തം വിശേഷിപ്പിക്കപ്പെടുന്നത്.
അഗ്നിശമന സേനയും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. ജനാലയിലൂടെ ആളുകൾ സഹായത്തിനായി കേഴുന്ന വീഡിയോ ബിബിസി പുറത്ത് വിട്ടു. പുകയും ശ്വാസം മുട്ടലും കാരണം പലർക്കും ഹൃദയാഘാതം സംഭവിച്ചതായും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.










