പുത്തന്‍ച്ചിറ പഞ്ചായത്തില്‍ ബദല്‍ സംഘടന രൂപീകരിച്ച് സിപിഎം വിമതര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. പഞ്ചായത്തില്‍ സിപിഎം മത്സരിക്കുന്ന വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനാണ് വിമതരുടെ നീക്കം. നിലവിലെ പഞ്ചായത്ത് പ്രസിഡണ്ട് ശകുന്തള വേണു ഉള്‍പ്പടെ ആറ് ഗ്രാമപഞ്ചായത്തംഗങ്ങളും, അഞ്ച് ലോക്കല്‍ കമ്മറ്റി അംഗങ്ങളും, നൂറോളം പാര്‍ട്ടി പ്രവര്‍ത്തകരുമാണ് ഔദ്യോഗിക നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച് രംഗത്തെത്തിയത്.
ജനകീയ കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റ് എന്ന പേരില്‍ രൂപീകരിച്ച വിമത സംഘടനയുടെ കണ്‍വെന്‍ഷന്‍ ഇന്ന് നടന്നു. സിപിഎം ഏരിയാ സെക്രട്ടറി എം രാജേഷ്, ഏരിയ കമ്മറ്റിയംഗം ടി.കെ സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ ക്രിമിനല്‍വത്ക്കരിക്കുകയാണെന്നും, പഞ്ചായത്തില്‍ പാര്‍ട്ടിയെ കെട്ടിപടുത്ത നേതാക്കളെ അവഗണിക്കുകയാണെന്നും വിമതപക്ഷം ആരോപിക്കുന്നു. പത്ത് സീറ്റില്‍ മത്സരിക്കാനാണ് സിപിഎം വിമതരുടെ തീരുമാനം.
ഇടത് മുന്നണി ഭരിക്കുന്ന പഞ്ചായത്തില്‍ വളരെ ശക്തമായി വിമതപക്ഷം രംഗത്തെത്തുന്നത് പാര്‍ട്ടി നേതൃത്വത്തെ അലസോരപ്പെടുത്തിയിട്ടുണ്ട്. ഒരു ഒത്ത് തീര്‍പ്പ് പോലും സാധ്യമാകാത്ത വിധത്തില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത് പ്രാദേശിക നേതൃത്വത്തിന്റെ പിടിപ്പ് കേടാണെന്നും വിമര്ശനമുണ്ട്.
അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഔദ്യോഗികപക്ഷത്തെ നേതാക്കള്‍ പറയുന്നു.
Discussion about this post