ഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിൽ കോൺഗ്രസ് നേതാവ് കമൽനാഥിന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് മഞ്ജീന്ദർ സിംഗ് സിർസ നൽകിയ അപേക്ഷയിൽ പ്രത്യേക അന്വേഷണ സംഘത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി. കേസിൽ മാർച്ച് 28ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
സിഖ് വംശഹത്യയിൽ കമൽനാഥിന്റെ പങ്ക് വ്യക്തമാകുന്ന തരത്തിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കമൽനാഥിനെ ഒട്ടും വൈകാതെ അറസ്റ്റ് ചെയ്യണം എന്നാണ് സിർസയുടെ അവശ്യം. സിഖ് കൂട്ടക്കൊലക്കാലത്ത് റകബ്ഗഞ്ച് ഗുരുദ്വാരയിൽ അഭയം തേടിയ രണ്ട് സിഖ് വംശജരെ കൊലപ്പെടുത്തിയ കേസിലാണ് നടപടി.
പ്രത്യേക അന്വേഷണ സംഘത്തിന് കമൽനാഥിനെതിരെ ആവശ്യമായ തെളിവ് നൽകുകയും സാക്ഷികളെ ഹാജരാക്കുകയും ചെയ്തിരുന്നു. കേസിൽ കമൽനാഥിനെതിരെ പുനരന്വേഷണത്തിന് കേന്ദ്ര സർക്കാരിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. ഇനി നടപടിയാണ് വേണ്ടതെന്ന് സിർസ ആവശ്യപ്പെടുന്നു.
പുതിയ വെളിപ്പെടുത്തലുകളുടെയും നേരത്തെ നിലനിന്ന സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ 2019 സെപ്റ്റംബറിലാണ് സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് കമൽനാഥിനെതിരായ കേസിൽ പുനരന്വേഷണം ആരംഭിച്ചത്.
Discussion about this post