ചെന്നൈ: ; മതപരിവർത്തനം എതിർത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത കേസ് സിബിഐക്ക് കൈമാറാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. കേസിലെ മതപരിവർത്തനവുമായി ബന്ധപ്പെട്ട വിവരങ്ങൾ അവഗണിക്കാൻ ശ്രമിച്ച തമിഴ്നാട് പൊലീസിനെ കോടതി രൂക്ഷമായി വിമർശിച്ചു. വീഡിയോയിലെ വസ്തുത പരിശോധിക്കുന്നതിന് പകരം തമിഴ്നാട് പൊലീസ് വീഡിയോ ചിത്രീകരിച്ച വ്യക്തിക്കെതിരെ കേസെടുക്കാനാണ് ശ്രമിച്ചത്. ഇതിനെ കോടതി നിശിതമായി വിമർശിച്ചു.
മകളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കേസ് സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കാട്ടി പെൺകുട്ടിയുടെ അച്ഛനാണ് കോടതിയെ സമീപിച്ചത്. ജനുവരി 19നായിരുന്നു മതം മാറാൻ തയ്യാറാല്ലായിരുന്ന പെൺകുട്ടി സ്കൂൾ- ഹോസ്റ്റൽ അധികൃതരുടെ ഭീഷണിയെ തുടർന്ന് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടും മുൻപ് ചിത്രീകരിച്ച പെൺകുട്ടിയുടെ ഒരു വീഡിയോ പിന്നീട് പുറത്തു വന്നിരുന്നു. വീഡിയോയിൽ, റേച്ചൽ മേരി എന്നൊരു സ്ത്രീ മതം മാറാൻ നിരന്തരം നിർബ്ബന്ധിച്ചിരുന്നതായി പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. തഞ്ചാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ് മരിച്ച പെൺകുട്ടി. സിസ്റ്റർ റേച്ചൽ മേരി, സിസ്റ്റർ സഹായ മേരി എന്നിവർക്കെതിരെയാണ് പെൺകുട്ടി പരാതിപ്പെട്ടിരുന്നത്.







