ഡൽഹി: പൗരത്വ ഭേദഗതി വിഷയത്തിൽ ഡൽഹിയിൽ നടന്ന കലാപം കൃത്യമായ ആസൂത്രണത്തിന്റെ ഫലമെന്ന് ഡൽഹി പൊലീസ് കോടതിയിൽ വ്യക്തമാക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും സർക്കാർ അനുകൂലികളെയും തെരഞ്ഞുപിടിച്ച് ആക്രമിക്കാൻ കലാപകാരികൾ പദ്ധതി തയ്യാറാക്കിയെന്നും ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയെ എതിർത്ത് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ വ്യക്തമാക്കി.
കലാപത്തിന് ശേഷം മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം പ്രതികൾ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നും വിവരങ്ങൾ കൂട്ടത്തോടെ നീക്കം ചെയ്തു. കലാപത്തിന്റെ എരിതീയിൽ എണ്ണയൊഴിക്കാൻ ചില മാധ്യമങ്ങളുടെ സഹായത്തോടെ വാസ്തവവിരുദ്ധമായ വാർത്തകൾ പ്രചരിപ്പിച്ചു.
കലാപം നടക്കുന്ന സമയത്ത് ഉമർ ഖാലിദ്, നദീം, ഖാലിദ് സെയ്ഫി, നടാഷ നർവാൾ, ജാനവി, തബ്രേസ് തുടങ്ങിയവർ പരസ്പരം ഫോൺ കോളുകൾ വഴി സജീവമായി ബന്ധപ്പെട്ടു. ഇവർ വ്യത്യസ്ത ഇടങ്ങളിൽ ഇരുന്നു കൊണ്ട് കലാപം ഏകോപിപ്പിച്ചുവെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
അക്രമത്തിന് ആഹ്വാനം നൽകുന്നതായിരുന്നു ഇവർ ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പുകളിലെ ചാറ്റുകൾ. ചാന്ദ് ബാഗിൽ കല്ലുകളും വടികളും മുളക് പൊടിയും ആസിഡുമായി ഒത്തുചേരാൻ ആൾക്കൂട്ടത്തിന് പ്രതികൾ നിർദേശം നൽകിയതായി സാക്ഷി കോടതിയിൽ വ്യക്തമാക്കി. ഈ യോഗത്തിൽ നടാഷ, സുലൈമാൻ, അത്തർ തുടങ്ങിയവർ നേരിട്ട് പങ്കെടുത്തു. സമാനമായ യോഗം സീലംപുരിലും നടന്നു. ഇതിന് നേതൃത്വം നൽകിയ പിഞ്ജ്ര ടോഡ് വടികളും മുളക് പൊടിയും കുപ്പികളും കൊണ്ടു വരാൻ സ്ത്രീകളോട് ആഹ്വാനം ചെയ്തതായി മറ്റൊരു സാക്ഷി വെളിപ്പെടുത്തി.
‘പ്രസംഗങ്ങൾ കൊണ്ട് കാര്യമില്ല, ചോരപ്പുഴ ഒഴുക്കണം‘ എന്ന് ഉമർ ഖാലിദ് ആഹ്വാനം നൽകിയതായി മറ്റൊരു സാക്ഷിയും കോടതിയിൽ വ്യക്തമാക്കി. 2020 ഫെബ്രുവരി 24ന് കലാപത്തിന് ഗൂഢാലോചന നടന്ന ചാന്ദ് ബാഗിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കോടതിയിൽ ഹാജരാക്കി. അതിൽ വടികളും വാളുകളും മറ്റ് ആയുധങ്ങളുമായി കലാപം നടത്തുന്ന അക്രമികളുടെ ദൃശ്യങ്ങൾ ഉണ്ടായിരുന്നു. കുറച്ച് സമയത്തിന് ശേഷം സിസിടിവി കാമറകൾ നശിപ്പിക്കപ്പെട്ടു.
ഫെബ്രുവരി 24ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കലാപത്തിനുള്ള പദ്ധതി പൂർത്തിയായത്. ആൾക്കൂട്ടം പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന ദൃശ്യങ്ങളും പൊലീസ് കോടതിയിൽ ഹാജരാക്കി. മൗജ്പുരിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു എന്ന വാർത്തയോട്, ‘ഈ വാർത്ത നിർണായകമാണ്‘ എന്നായിരുന്നു ഉമർ ഖാലിദിന്റെ പ്രതികരണം.
പൊലീസുകാരൻ കൊല്ലപ്പെട്ടതോടെ ഗൂഢാലോചനക്കാർ കഥ മെനഞ്ഞു. 4.40ഓടെ അവരുടെ വീക്ഷണത്തിൽ വാർത്തകൾ ചില മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടു. സംഭവം നടന്ന സമയത്ത് ബിഹാറിൽ കലാപത്തിന് നേതൃത്വം നൽകുകയായിരുന്ന ഉമർ ഖാലിദ് ജാഫ്രാബാദിന്റെ ചുമതല ഉണ്ടായിരുന്ന നടാഷയുമായി ബന്ധപ്പെട്ടു. സംഭവം ഭീം ആർമിയുടെ ഭാരത് ബന്ദിന്റെ തലയിൽ കെട്ടി വെക്കാൻ ശ്രമം നടന്നു.
തുടർന്ന് ഗൂഢാലോചനക്കാർ അംഗങ്ങളായ എല്ലാ വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്നും ചാറ്റുകൾ ഡിലീറ്റ് ചെയ്യപ്പെട്ടു. അടുത്ത ‘സിഗ്നൽ‘ കിട്ടുന്നത് വരെ നിശ്ശബ്ദരായി തുടരാൻ നിർദ്ദേശം ലഭിച്ചു. 2020 ഏപ്രിൽ മാസം വരെ പിന്നീട് ഉമർ ഖാലിദിന്റെ ഫോണിൽ ഒരു ഡാറ്റയും ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
Discussion about this post