ഡൽഹി: അനധികൃത ഖനന ഇടപാടുകളിലെ പങ്കാളിത്തം സമ്മതിച്ചതിനെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ചന്നിയുടെ അനന്തിരവൻ ഭൂപീന്ദർ സിംഗ് ഹണിയെ ഫെബ്രുവരി 8 വരെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു. ഖനനവുമായി ബന്ധപ്പെട്ട ഫയലുകൾ തീർപ്പാക്കുക, ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുക എന്നിവയിൽ സ്വാധീനം ചെലുത്തിയതായി മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഹണി സമ്മതിച്ചത്.
ഭൂപീന്ദർ സിംഗ് ഹണിയുടെ ലുധിയാനയിലെ വീട്ടിൽ നിന്നും 4.09 കോടി രൂപയും സന്ദീപ് കുമാറിന്റെ വീട്ടിൽ നിന്നും 1.99 കോടി രൂപയും മൊഹാലിയിലെ വീട്ടിൽ നിന്നും 3.89 കോടി രൂപയും ഇഡി പിടികൂടിയിരുന്നു.
പഞ്ചാബിൽ ട്രാൻസ്ഫർ നിയമനങ്ങൾക്ക് കൈക്കൂലിയായി കിട്ടിയതാണ് തുകയിലെ ഒരു ഭാഗം എന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇനിയും ഞെട്ടിക്കുന്ന പല വിവരങ്ങളും ഖനനവുമായി ബന്ധപ്പെട്ട് പുറത്തു വരാനുണ്ടെന്നും അതിനായി ഭൂപീന്ദറിനെ കസ്റ്റഡിയിൽ വേണമെന്നും ഇഡി ആവശ്യപ്പെട്ടു. ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തിയ കോടതി ഇത് അംഗീകരിക്കുകയായിരുന്നു.








