മലപ്പുറം: സ്‌കൂൾ കലോത്സവത്തിനിടെ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ കുളിമുറിയിൽ വെച്ച് ബലാത്സംഗം ചെയ്ത യുവാവിനെ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. പൊന്നാനി മരക്കടവ് സ്വദേശി മൂസാന്റെ പുരക്കൽ നൗഫൽ (32) ആണ് അറസ്റ്റിലായത്.
ഒന്നര വർഷം മുമ്പ് പൊന്നാനി താലൂക്കിലെ സ്‌കൂൾ കലോത്സവ ദിവസം മുഖം കഴുകാനാനെത്തിയ പെൺകുട്ടിയെ കുളിമുറിയിൽ ഒളിഞ്ഞിരുന്ന് പ്രതി വായ പൊത്തിപ്പിടിച്ച് ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയുമായിരുന്നു. ഒടുവിൽ പ്രതിയിൽ നിന്നും കുതറി മാറിയ പെൺകുട്ടി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. മാനസികമായി തകർന്ന കുട്ടിക്ക് അടുത്തിടെ പ്രതി മൊബൈൽ ദൃശ്യങ്ങൾ അയച്ചു നൽകി.
ഇതോടെ പരിഭ്രാന്തയായ കുട്ടിയെ സ്‌കൂൾ അധികൃതർ കൗൺസലിംഗിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മരക്കടവ് നിന്നും പ്രതിയെ പിടികൂടി. ഇയാളുടെ സഹോദരൻ ലഹരി ഉപയോഗം മൂലമാണ് മരണപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ യാത്രക്കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇയാൾക്ക് ഇത്തരത്തിലുള്ള സംഘങ്ങളുമായി ബന്ധമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.












