മുംബൈ: ഇതിഹാസ ഗായിക ലത മങ്കേഷ്കറുടെ സംസ്കാര ചടങ്ങുകൾ മുംബൈ ശിവജി പാർക്ക് ശ്മശാനത്തിൽ പുരോഗമിക്കുന്നു. പ്രിയ ഗായികക്ക് അന്തിമോപചാരം അർപ്പിക്കാൻ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ നീണ്ട നിരയാണ് ബ്രീച്ച് കാൻഡി ആശുപത്രിയിലും വസതിയിലും ശിവജി പാർക്കിലും എത്തിയത്. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപ്പസമയത്തിനകം മുംബൈയിൽ എത്തും.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി , ചലച്ചിത്ര താരങ്ങളായ അക്ഷയ് കുമാർ, കങ്കണ റണാവത്ത്, സോനു സൂദ്, ദിയ മിർസ തുടങ്ങിയവർ ലത മങ്കേഷ്കർക്ക് ആദരാഞ്ജലി അർപ്പിച്ചിരുന്നു. ലത മങ്കേഷ്കറുടെ സഹോദരിയും പ്രശസ്ത ഗായികയുമായ ആശ ഭോസ്ലെയുടെ വിലാപം കണ്ടു നിൽക്കുന്നവരുടെ കണ്ണുകളെ ഈറനണിയിക്കുകയാണ്.
കൊവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ലതാ മങ്കേഷ്കർക്ക് പിന്നീട് ന്യുമോണിയ സ്ഥിരീകരിച്ചിരുന്നു. ഇടയ്ക്ക് ആരോഗ്യ നില മെച്ചപ്പെട്ടുവെങ്കിലും കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചതോടെ വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മരണം സ്ഥിരീകരിക്കുകയായിരുന്നു.








