ഡൽഹി: കഴിഞ്ഞ നൂറ് വർഷത്തിനിടെ കൊവിഡ് വ്യാപനം പോലെ മറ്റൊരു മഹാമാരിക്ക് രാജ്യം സാക്ഷ്യം വഹിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാമാരിക്കാലത്തും കർഷകർക്ക് ഉദ്പാദനം വർദ്ധിപ്പിക്കാൻ കഴിഞ്ഞു. ലോക്ക്ഡൗൺ കാലത്ത് കർഷകർക്ക് ഇളവുകൾ നൽകാൻ കഴിഞ്ഞതിന്റെ ഫലമാണ് നമ്മുടെ കലവറകൾ നിറയാൻ കാരണമെന്ന് രാജ്യസഭയിൽ പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് വ്യാപനം ആരംഭിച്ച കാലത്ത് ഇന്ത്യ ഈ പ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യുമെന്ന് ലോകം ഉറ്റു നോക്കിയിരുന്നു. എന്നാൽ രാജ്യത്തെ നൂറ്റി മുപ്പത് കോടി ജനങ്ങളുടെ ഇച്ഛാശക്തിയും അച്ചടക്കവും ലോകത്തെ വിസ്മയിപ്പിച്ചു. കൊവിഡ് പ്രതിസന്ധിക്കിടയിലും നമ്മൾ തല ഉയർത്തി നിന്നു. ഇന്ത്യയുടെ പരിശ്രമങ്ങളെ ലോകം അത്ഭുതത്തോടെ അംഗീകരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിന് രാജ്യം നമ്മുടെ ആരോഗ്യ പ്രവർത്തകരോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ പ്രതിരോധ രംഗം ശക്തിപ്പെടുകയാണ്. ഉത്തർ പ്രദേശിലും തമിഴ്നാട്ടിലും പ്രതിരോധ ഇടനാഴികൾ സ്ഥാപിക്കാൻ സാധിച്ചു. പ്രതിരോധ രംഗത്ത് രാജ്യം അതിവേഗം സ്വയം പര്യാപ്തതയിലേക്ക് നീങ്ങുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
Discussion about this post