ഡൽഹി: ഹിജാബ് വിവാദത്തിൽ കോൺഗ്രസ് നേതാവ് കപിൽ സിബലിന് സുപ്രീം കോടതിയിൽ തിരിച്ചടി. യൂണിഫോമുമായി ബന്ധപ്പെട്ട കർണാടക സർക്കാരിന്റെ നിലപാട് ചോദ്യം ചെയ്ത് കപിൽ സിബൽ സമർപ്പിച്ച ഹർജി ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. കേസ് നിലവിൽ കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, ഹിമ കോഹ്ലി എന്നിവർ ചൂണ്ടിക്കാട്ടി.
കർണാടകയിൽ പെൺകുട്ടികളെ കല്ലെറിയുകയാണെന്നും സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി സുപ്രീം കോടതി അടിയന്തരമായി ഇടപെടണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു. എന്നാൽ സാധ്യമല്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. നിലവിൽ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തിൽ ഇടപെടുന്നത് അനുചിതമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഹിജാബ് വിഷയത്തിൽ നിലവിൽ കർണാടക ഹൈക്കോടതിയിൽ വാദം പുരോഗമിക്കുകയാണ്. ഹിജാബ് മുസ്ലീം മതവിഭാഗത്തിന്റെ ഒഴിവാക്കാനാവത്ത ആചാരമാണോ എന്നതാണ് കോടതി നിലവിൽ പരിശോധിക്കുന്നത്. ഈ വിഷയത്തിലെ വ്യത്യസ്ത കോടതി വിധികൾ ഇരു വിഭാഗവും വ്യാഖ്യാനിക്കുകയാണ്.








