ഡൽഹി: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് അടിയന്തരമായി നടപ്പിലാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. രാജ്യം ഒന്നാണ്. അതുകൊണ്ട് രാജ്യത്തെ എല്ലാവർക്കും നിയമങ്ങളും ഒന്നായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.
ഐക്യം സ്ഥാപിക്കുക എന്നതാണ് ഏകീകൃത സിവിൽ കോഡിന്റെ ലക്ഷ്യമെന്നും ഗിരിരാജ് സിംഗ് പറഞ്ഞു. വിവാഹം, വിവാഹ മോചനം. പിന്തുടർച്ച, ദത്ത് തുടങ്ങിയ വിഷയങ്ങളിൽ രാജ്യത്ത് നിലനിൽക്കുന്ന അസമത്വം ഇതോടെ ഇല്ലാതാകും. ഇത് ബിജെപിയുടെ നയങ്ങളിൽ ഒന്നാണ്.
പാർലമെന്റിൽ ഏകീകൃത സിവിൽ കോഡ് കൊണ്ടു വരാനുള്ള നിയമം അവതരിപ്പിക്കുമെന്ന് കാലാകാലങ്ങളായി ബിജെപി നേതാക്കൾ വ്യക്തമാക്കിയിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ബിജെപി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ബിജെപി നേതാക്കളായ സുധാംശു ത്രിവേദി, സി ടി രവി എന്നിവരും ഗിരിരാജ് സിംഗിന്റെ അഭിപ്രായത്തോട് യോജിച്ചു.








