കൊച്ചി: മലയാളി ഭീകരരുടെ സാന്നിദ്ധ്യം സുവ്യക്തമായ കേസാണ് ഇന്ന് വിധി പ്രസ്താവിക്കപ്പെട്ട അഹമ്മദാബാദ് സ്ഫോടന കേസ്. കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 38 പ്രതികളിൽ 3 പേർ മലയാളികളാണ്. സ്ഫോടനം നടത്താനുള്ള വാഹനങ്ങളും പ്രതികൾ കേരളത്തിൽ നിന്നും എത്തിച്ചു.
സ്‌ഫോടനം നടത്താൻ കേരളത്തിൽനിന്ന് നാല് ബൈക്കുകളാണ് കടത്തിക്കൊണ്ട് പോയത്. ഇതിൽ ഒരു ബൈക്ക് കൊച്ചി സ്വദേശിയുടേതാണെന്ന് എൻ ഐ എ പിന്നീട് കണ്ടെത്തിയിരുന്നു. സ്‌ഫോടനത്തിൽ തകർന്ന ബൈക്കിന്റെ ഫൊറൻസിക് പരിശോധനയിൽ ലഭിച്ച ഷാസി നമ്പർ പിൻതുടർന്ന് മട്ടാഞ്ചേരി സ്വദേശിയായ ബൈക്ക് ഉടമയെ തേടി അന്വേഷണ ഉദ്യോഗസ്‌ഥർ കൊച്ചിയിലെത്തുകയും ചെയ്തിരുന്നു.
അഹമ്മദാബാദിലും മുംബൈയിലും പലയിടങ്ങളിലായി സ്‌ഫോടനത്തിനുപയോഗിച്ച നാലു ബൈക്കുകളുടെ അവശിഷ്‌ടങ്ങൾ എൻ ഐ എ ഫൊറൻസിക് പരിശോധന നടത്തിയിരുന്നു. ഇതിൽ ഒരു ബൈക്കിന്റെ റജിസ്‌റ്റേർഡ് ഉടമയെ തേടിയാണ് അന്വേഷണ സംഘം കൊച്ചിയിലെത്തിയത്. ഉടമയുടെ വിവരങ്ങൾ തേടിയെത്തിയ സംഘം മട്ടാഞ്ചേരി ആർടിഒ ഓഫിസ്, കൊച്ചി നഗരസഭാ മേഖലാ ഓഫിസ്, റേഷൻകട, സമീപത്തെ വീടുകൾ എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു.
അഹമ്മദാബാദ് സ്ഫോടന കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 49 പേരില്‍ 38 പേര്‍ക്ക് വധശിക്ഷ വിധിച്ചു. 2008 ജൂലൈ 26 ന് അഹമ്മദാബാദിലെ 21 ഇടങ്ങളിലുണ്ടായ സ്ഫോടന പരമ്പരക്കേസില്‍ 13 വര്‍ഷത്തെ വിചാരണക്ക് ശേഷമാണ് അഹമ്മദാബാദ് പ്രത്യേക കോടതി ജഡ്ജി എ.ആര്‍ പട്ടേല്‍ വിധി പറഞ്ഞിരിക്കുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിൽ ഷിബിലി, ഷാദുലി, ഷറഫദ്ദീന്‍ എന്നിവര്‍ മലയാളികളാണ്. ഇവര്‍ വാഗമണ്‍, പാനായിക്കുളം ഭീകരവാദ പരീശീലന ക്യാംപുകളിൽ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ടവരാണ്.
നിരോധിത സംഘടനയായ സിമിയുടെ ഉപവിഭാഗമായ ഇന്ത്യൻ മുജാഹിദീന്റെ പ്രവർത്തകരാണ് മുഴുവൻ പ്രതികളും. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ക്ക് പുറമെ യുഎപിഎ നിയമപ്രകാരമുള്ള കുറ്റങ്ങളും കോടതിയിൽ തെളിയിക്കപ്പെട്ടു.
Discussion about this post