‘മൂന്ന് മാസത്തിനകം നിയമം നടപ്പിലാക്കണം’
ഗോസംരക്ഷണത്തിന് പദ്ധതികള്‍ നടപ്പിലാക്കണം
സിംല: സമ്പൂര്‍ണ ബീഫ് നിരോധനം പരിഗണിക്കണമെന്ന് കേന്ദ്രത്തിന് ഹിമാചല്‍ പ്രദേശ് ഹൈക്കോടതി നിര്‍ദ്ദേശം നല്കി. മൂന്നു മാസത്തിനുള്ളില്‍ നിയമം നടപ്പിലാക്കാനാണ് നിര്‍ദ്ദേശം. ഗോവധം പൂര്‍ണമായി നിരോധിക്കാനും ബീഫിന്റെ കച്ചവടവും കയറ്റുമതിയും ഇറക്കുമതിയും നിരോധിക്കാനും ഹൈകോടതി നിര്‍ദ്ദേശം നല്കി.
ഗോസംരക്ഷണത്തിന് പ്രഥ്യേകഫണ്ട് വകയിരുത്തുന്നതുള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങളും ഹൈക്കോടതി നല്കി. പശുക്കളെയും അലഞ്ഞു തിരിഞ്ഞു നടക്കുന്ന കാലികളെയും സംരക്ഷിക്കാനായി സംസ്ഥാനസര്‍ക്കാരുകള്‍ക്ക് പ്രത്യേക ഫണ്ട് അനുവദിക്കണം. ഗോസംരക്ഷണത്തിനായി പ്രത്യേക പദ്ധതികള്‍ തയ്യാറാക്കണം എന്നീ നിര്‍ദ്ദേശങ്ങളും കോടതി നല്കി.
ഗോവംശ് രക്ഷന് സംവര്‍ധന്‍ പരിഷത് നല്കിയ ഹര്‍ജിയിലാണ് ഹൈ കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ രാജീവ് ശര്‍മ്മ, സുരേശ്വര്‍ താക്കൂര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്.
ജനുവരി ആറിനാണ് ഇക്കാര്യത്തില്‍ കോടതി വീണ്ടും വാദം കേള്‍ക്കും. അന്നേ ദിവസം സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഉടമയുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ മൈക്രോചിപ്പുകള്‍ എല്ലാ മൃഗങ്ങളിലും ഘടിപ്പിക്കണം. ആറു മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അലഞ്ഞു തിരിഞ്ഞു നടക്കുന്ന മൃഗങ്ങള്‍ ഒട്ടേറെ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
Discussion about this post