തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് ഗൂഢാലോചനയുടെ ഫലമായെന്ന് ക്രൈം ബ്രാഞ്ചിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട്. കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്തും ചേർന്ന് ഗൂഡാലോചന നടത്തിയാണ് കൃത്യം നടത്തിയതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ സ്വാമി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് കൃത്യം നടത്തിയതെന്ന മൊഴി അസാധുവായി.
കണ്ണമ്മൂലയിലെ പെണ്‍കുട്ടിയുടെ വിട്ടിൽ അതിഥിയായി എത്തിയ ഗംഗേശാനന്ദ 2017 മെയ് 20ന് രാത്രിയിലാണ് ആക്രമിക്കപ്പെട്ടത്. സ്വാമി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിടെ ലിംഗം മുറിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ ആദ്യ പരാതി. ഗംഗേശാനന്ദക്കെതിരെ ബലാൽസംഗത്തിന് പൊലീസ് കേസെടുത്തു. മജിസ്ട്രേറ്റിന് മുന്നിലും പെണ്‍കുട്ടി സ്വാമിക്കെതിരെ മൊഴി നൽകി. എന്നാൽ ഗംഗേശാനന്ദ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ആക്രമിച്ചുവെന്ന് ആദ്യം പരാതി നൽകിയ പെൺകുട്ടി, പിന്നീട് അന്വേഷണം ശക്തമായപ്പോൾ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ മൊഴി മാറ്റുകയായിരുന്നു.
സ്വാമിയെ ആക്രമിക്കാൻ സുഹൃത്തായ അയപ്പദാസുമായി ചേർന്നാണ് പെണ്‍കുട്ടി പദ്ധതി തയ്യാറാക്കിയത്. ബന്ധത്തിന് തടസ്സം നിന്ന ഗംഗേശാനന്ദനയെ കേസിൽപ്പെടുത്തി ഒഴിവാക്കാനായിരുന്നു ശ്രമമെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. സംഭവ ദിവസം രണ്ടുപേരും കൊല്ലത്തെ കടൽ തീരത്തിരുന്നാണ് പദ്ധതി തയ്യാറാക്കിയത്. കത്തി വാങ്ങി നൽകിയത് അയ്യപ്പദാസാണ്. ലിംഗം മുറിക്കുന്നതിനെ കുറിച്ച് ഗൂഗിളിൽ പരിശോധിച്ചിട്ടുണ്ട്. അന്നു തന്നെ സ്വാമിയുടെ ലിംഗം മുറിക്കുകയായിരുന്നു. പെൺകുട്ടി തന്നെയാണ് കൃത്യം നടത്തിയത്.
കേസിൽ സ്വാമി ഗംഗേശാനന്ദയെ അധിക്ഷേപിച്ച് നിരവധി പ്രമുഖർ രംഗത്ത് വന്നിരുന്നു. സ്വാമിയുടെ ലിംഗം ഛേദിക്കപ്പെട്ടപ്പോൾ നീതി നടപ്പിലായി എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.












