വന്ദേമാതരം ആലപിക്കുന്നത് മുസ്‌ലിംകൾക്ക് എതിരാണെന്ന പ്രചാരണം പൂർണ്ണമായും അസംബന്ധമാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. കോൺഗ്രസിനെയും മുസ്‌ലിം ലീഗിനെയും രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വന്ദേമാതര സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഹമ്മദലി ജിന്നയുടെ ഇന്ത്യ വിഭജനത്തിന് ശേഷം വന്ദേമാതരം ആലപിക്കാൻ കഴിയില്ലെന്ന് വാദിച്ചവരൊക്കെ പാകിസ്താനിലേക്ക് പോയ ചരിത്രമാണുള്ളതെന്ന് അബ്ദുള്ളക്കുട്ടി ഓർമ്മിപ്പിച്ചു. എന്നാൽ ഇവിടെ ജീവിക്കുന്ന താൻ ഉൾപ്പെടെയുള്ളവർ ‘ദേശീയ മുസ്‌ലിംകൾ’ ആണെന്നും വന്ദേമാതരം പൂർണ്ണമായി പാടിക്കൊണ്ട് തന്നെയാണ് പെറ്റുവീണ മണ്ണിൽ മരിച്ചുവീഴുകയെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയതയെയും വന്ദേമാതരത്തെയും അപമാനിക്കുന്ന നിലപാടാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുസ്ലിം ലീഗ് നേതാക്കളും സ്വീകരിക്കുന്നതെന്നും ഇത് കടുത്ത നന്ദികേടാണെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യ സമരകാലത്ത് രാജ്യത്തിന് ആവേശമായ ദേശഭക്തിഗാനത്തെ വർഗീയ കണ്ണുകളോടെ കാണാൻ ശ്രമിക്കുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്നും, ഇത്തരം അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.











