ദേശാഭിമാനി വാരാന്തപ്പതിപ്പിൽ വന്ന ‘കള്ളൻ വിജയൻ’ എന്ന ലേഖന തലക്കെട്ട് വൻ വിവാദമായതിന് പിന്നാലെ മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ആർ. അജയൻ രാജിവെച്ചു. ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ ചുമതലയിലുണ്ടായിരുന്ന അജയനോട് രാജിവെക്കാനോ അവധിയിൽ പോകാനോ പാർട്ടി മാനേജ്‌മെന്റ് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടി നടപടിയെടുത്തതും രാജി സമർപ്പിച്ചതും.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ ഫീച്ചറുകൾ അടങ്ങിയ പ്രത്യേക വാരാന്തപ്പതിപ്പിലാണ് വിവാദപരമായ സംഭവം നടന്നത്. തിരുവനന്തപുരത്തെ ഒരു നാടകഗ്രാമവുമായി ബന്ധപ്പെട്ട ലേഖനത്തിന് ‘കള്ളൻ വിജയൻ’ എന്ന് തലക്കെട്ട് നൽകിയതാണ് സിപിഎമ്മിനെയും ദേശാഭിമാനി മാനേജ്‌മെന്റിനെയും കടുത്ത പ്രതിസന്ധിയിലാക്കിയത്. രാഷ്‌ട്രീയ എതിരാളികൾ ഈ തലക്കെട്ട് വലിയ രീതിയിൽ പാർട്ടി നേതൃത്വത്തിനെതിരെ പ്രചാരണ ആയുധമാക്കുമെന്ന ഭയത്താൽ ഞായറാഴ്ച പുറത്തിറങ്ങേണ്ടിയിരുന്ന പതിപ്പ് തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
ലേഖനത്തിന്റെ തലക്കെട്ട് മാറ്റാൻ മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടും ചുമതലക്കാരനായിരുന്ന കെ.ആർ. അജയൻ അത് തിരുത്താൻ തയ്യാറായില്ലെന്നാണ് പാർട്ടി തല അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്ന് മൂന്നാഴ്ച മുൻപ് നൽകിയ രാജി നിർദ്ദേശത്തിന് ശേഷമാണ് ഇപ്പോൾ ഔദ്യോഗികമായി പദവി ഒഴിയൽ നടന്നത്.











