കൊച്ചി: ജനനേന്ദ്രിയം മുറിച്ച കേസിൽ ഡിജിപി ബി സന്ധ്യക്കെതിരെ ഗുരുതര ആരോപണവുമായി സ്വാമി ഗംഗേശാനന്ദ. സന്ധ്യയെക്കുറിച്ച് പല റിപ്പോട്ടുകളും വരാനുണ്ട്. ജനനേന്ദ്രിയം മുറിച്ചതിന് പിന്നിൽ മൂന്ന് പേരുണ്ടെന്നും താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സ്വാമി പറഞ്ഞു.
കേസിൽ ഗൂഡാലോചന നടന്നിട്ടുണ്ട്. ഇതിന് പിന്നിൽ ബി.സന്ധ്യയാണ്. തന്‍റെ ഒപ്പമുള്ള മൂന്ന് പേരാണ് ജനനേന്ദ്രിയം മുറിച്ചതിന് പിന്നിൽ. ഇത്രയുമായിട്ടും ഇരയായ തനിക്ക് എതിരെ കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. എന്നിട്ടും കേസിൽ അഞ്ച് വർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും സ്വാമി പറഞ്ഞു.
കണ്ണമ്മൂലയിലെ പെണ്‍കുട്ടിയുടെ വിട്ടിൽ അതിഥിയായി എത്തിയ ഗംഗേശാനന്ദ 2017 മെയ് 20ന് രാത്രിയിലാണ് ആക്രമിക്കപ്പെട്ടത്. സ്വാമി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിടെ ലിംഗം മുറിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ ആദ്യ പരാതി. ഗംഗേശാനന്ദക്കെതിരെ ബലാൽസംഗത്തിന് പൊലീസ് കേസെടുത്തു. മജിസ്ട്രേറ്റിന് മുന്നിലും പെണ്‍കുട്ടി സ്വാമിക്കെതിരെ മൊഴി നൽകി. എന്നാൽ ഗംഗേശാനന്ദ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ആക്രമിച്ചുവെന്ന് ആദ്യം പരാതി നൽകിയ പെൺകുട്ടി, പിന്നീട് അന്വേഷണം ശക്തമായപ്പോൾ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ മൊഴി മാറ്റുകയായിരുന്നു.
സ്വാമിയെ ആക്രമിക്കാൻ സുഹൃത്തായ അയപ്പദാസുമായി ചേർന്നാണ് പെണ്‍കുട്ടി പദ്ധതി തയ്യാറാക്കിയത്. ബന്ധത്തിന് തടസ്സം നിന്ന ഗംഗേശാനന്ദനയെ കേസിൽപ്പെടുത്തി ഒഴിവാക്കാനായിരുന്നു ശ്രമമെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. സംഭവ ദിവസം രണ്ടുപേരും കൊല്ലത്തെ കടൽ തീരത്തിരുന്നാണ് പദ്ധതി തയ്യാറാക്കിയത്. കത്തി വാങ്ങി നൽകിയത് അയ്യപ്പദാസാണ്. ലിംഗം മുറിക്കുന്നതിനെ കുറിച്ച് ഗൂഗിളിൽ പരിശോധിച്ചിട്ടുണ്ട്. അന്നു തന്നെ സ്വാമിയുടെ ലിംഗം മുറിക്കുകയായിരുന്നു. പെൺകുട്ടി തന്നെയാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായിരുന്നു.












