ബംഗലൂരു: അപൂർവയിനം രക്തരോഗം ബാധിച്ച് ചികിത്സയിലായിരുന്ന 11 വയസ്സുകാരന് കെ എൽ രാഹുലിന്റെ സഹായഹസ്തം. ക്രിക്കറ്ററായ വരദ് നലവാദെ എന്ന കുട്ടിയുടെ അടിയന്തര അസ്ഥി മജ്ജ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ തുകയായ 35 ലക്ഷം രൂപയിൽ 31 ലക്ഷവും കെ എൽ രാഹുൽ സംഭാവന ചെയ്തു.
കുട്ടിയുടെ ചികിത്സയ്ക്കായി മാതാപിതാക്കൾ അക്കൗണ്ട് രൂപീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ സഹായം അഭ്യർത്ഥിച്ചിരുന്നു. 5–ാം ക്ലാസ് വിദ്യാർഥിയായ വരദ്, കഴിഞ്ഞ സെപ്റ്റംബർ മുതൽ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എപ്ലാസ്റ്റിക് അനീമിയ എന്ന അപൂർവ രോഗമായിരുന്നു കുട്ടിക്ക്. വാർത്ത ശ്രദ്ധയിൽ പെട്ടതോടെ സഹായ വാഗ്ദാനവുമായി രാഹുൽ എത്തുകയായിരുന്നു.
രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് ക്രമാതീതമായി കുറഞ്ഞതുമൂലം വരദിന്റെ രോഗ പ്രതിരോധ ശക്തി ദുർബലമായിരുന്നു. ചെറിയ പനിപോലും സുഖപ്പെടാൻ മാസങ്ങൾ വേണ്ടിവന്നിരുന്നു. ശസ്ത്രക്രിയയ്ക്കു വിധേയനായ വരദ് ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ്.
രോഗം പൂർണമായും ഭേദമായി വളരെ വേഗം കളിക്കളത്തിലേക്കു മടങ്ങിയെത്തി സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ വരദിന് സാധിക്കട്ടെയെന്ന് രാഹുൽ ആശംസിച്ചു.
Discussion about this post