കൊച്ചി: വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെടുന്ന പോസ്റ്റുകള്‍ക്ക് അഡ്മിന് ഉത്തരവാദിയല്ലെന്ന് കേരള ഹൈക്കോടതി. ഇതിനെ തുടര്‍ന്ന് അശ്ലീല പോസ്റ്റിന്റെ പേരില്‍ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്റെ പേരില്‍ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ആളെ ഒഴിവാക്കാനും ചേര്‍ക്കാനുമാണ് അഡ്മിന് സാധിക്കുന്നത്. ആ ഗ്രൂപ്പില്‍ അംഗങ്ങള്‍ ഇടുന്ന പോസ്റ്റില്‍ അഡ്മിന് നിയന്ത്രണം ഇല്ല, അത് സെന്‍സര്‍ ചെയ്യാനും സാധിക്കില്ല. അതിനാല്‍ തന്നെ ഗ്രൂപ്പില്‍ വരുന്ന മോശമോ, അപകടകരമായ ഉള്ളടക്കത്തിൽ അഡ്മിന് പങ്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇതോടെ ആലപ്പുഴ ചേര്‍ത്തല സ്വദേശി മാനുവലിന്റെ പേരില്‍ എറണാകുളം കോടതിയിലുള്ള പോക്സോ കേസ് കോടതി റദ്ദാക്കി. ഫ്രണ്ട്സ് എന്ന പേരുള്ള ഗ്രൂപ്പ് ഉണ്ടാക്കി അതിന്റെ അഡ്മിന് ആയിരുന്നു മാനുവല്‍. തന്റെ രണ്ട് സുഹൃത്തുക്കളെ മാനുവല്‍ ഈ ഗ്രൂപ്പില്‍ ചേര്‍ത്തു. ഒരാളെ ഗ്രൂപ്പ് അഡ്മിനാക്കി. ഇതില്‍ അഡ്മിനായ വ്യക്തി കുട്ടികളുടെ അശ്ലീല വീഡിയോ ഗ്രൂപ്പില്‍ ഇടുകയും അത് കേസ് ആകുകയുമായിരുന്നു. ആദ്യം വീഡിയോ ഇട്ടയാളെ പ്രതി ചേര്‍ത്ത പൊലീസ്, അന്തിമ റിപ്പോര്‍ട്ടില്‍ ഗ്രൂപ്പ് ഉണ്ടാക്കിയ വ്യക്തി എന്ന നിലയില്‍ മാനുവലിനെയും പ്രതി ചേര്‍ത്തു. ഈ കേസാണ് ഇപ്പോൾ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെടുന്ന പോസ്റ്റുകള്‍ക്ക് അഡ്മിന് ഉത്തരവാദിയല്ലെന്ന് ബോംബെ, ഡൽഹി ഹൈക്കോടതി വിധികള്‍ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അശ്ലീല വീഡിയോ ഷെയര്‍ ചെയ്തതുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് അഡ്മിനെതിരെ ആരോപണം ഒന്നും ഇല്ലെന്നും കോടതി വ്യക്തമാക്കി.
Discussion about this post