കീവ്: ഉക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് ഇരച്ചു കയറിയ റഷ്യൻ സൈന്യം കണ്ണിൽ കണ്ടതെല്ലാം നാമാവശേഷമാക്കി മുന്നേറുന്നതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. കീവ് നഗരത്തിൽ അവശേഷിക്കുന്ന ഉക്രെയ്ൻ സൈനികരുമായി റഷ്യൻ സൈനികർ തെരുവ് യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ് എന്നാണ് വിവരം. ഈ സാഹചര്യത്തിൽ ജനങ്ങൾ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശം നൽകി.
അതേസമയം ഒഴിപ്പിക്കാൻ സഹായം നൽകാമെന്ന അമേരിക്കൻ നിർദേശം ഉക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമർ സെലെൻസ്കി നിരസിച്ചു. മരണം വരെ പോരാടുമെന്നും രാജ്യം ഉപേക്ഷിച്ച് പോകില്ലെന്നും സെലെൻസ്കി ആവർത്തിച്ചു. തനിക്ക് വേണ്ടത് രക്ഷയല്ല, ആയുധങ്ങളാണ് എന്നാണ് സെലെൻസ്കി അമേരിക്കയോട് പ്രതികരിച്ചത്.
കീവ് നഗരത്തിൽ സാധാരണക്കാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായും ഇരു വിഭാഗങ്ങളിലെയും സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. പാലങ്ങൾ തകരുകയും സ്കൂളുകളും കെട്ടിടങ്ങളും നശിപ്പിക്കപ്പെടുകയും ചെയ്തു. ഉക്രെയ്ൻ പിടിച്ചെടുത്ത് പുതിയ ഭരണകൂടം സ്ഥാപിക്കലാണ് റഷ്യയുടെ ലക്ഷ്യമെന്ന് അമേരിക്ക നേരത്തെ ആരോപിച്ചിരുന്നു.
Discussion about this post