ഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യ ആദായനികുതി കമ്മീഷണര്‍ അനില്‍ ഗോയലിനെതിരെ സി.ബി.ഐ അന്വേഷണം . ഗോയലിന്റെ മുംബൈയിലേയും ഡല്‍ഹിയിലെയും വസതികളില്‍ സി.ബി.ഐ നടത്തിയ റെയ്ഡില്‍ 30 കോടിയുടെ അനധികൃത സമ്പാദ്യത്തിന്റെ രേഖ കണ്ടെത്തി.
കൈക്കൂലി കേസില്‍ സി.ബി.ഐ ചോദ്യം ചെയ്തശേഷം ജീവനൊടുക്കിയ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന് ശ്രീശൈലത്തില്‍ കുമാറിന്റെ വസതിയില്‍ നിന്നും കണ്ടെത്തിയത് ഗോയലിനു നല്‍കാനുള്ള പണമായിരുന്നെന്നും സി.ബി.ഐ പറഞ്ഞു. കോട്ടയം ഏറ്റുമാനൂര്‍ കൈക്കൂലിക്കേസ് ഉള്‍പ്പടെ നിരവധി കൈക്കൂലിക്കേസുകളില്‍ അനിലിന് പങ്കുള്ളതായി സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.
ആദായ നികുതി തട്ടിപ്പു നടത്താന്‍ പത്തു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസുമായി ബന്ധപ്പെട്ടു ആദായ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ ഉള്‍പ്പെടെ അഞ്ചുപേരെ കഴിഞ്ഞദിവസം കോട്ടയത്ത് സി.ബി.ഐ പിടികൂടിയിരുന്നു.
ആദായ നികുതി വകുപ്പ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ ശൈലേന്ദ്ര മമ്മിടി, ആദായനികുതി ഓഫീസര്‍ ശരത്, കരാറുകാരനായ മാത്യു അലക്സ്, എം.കെ. കുരുവിള, ജോയ് തോമസ് എന്നിവരെയാണു സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് എസ്.പിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് കൈക്കൂലി ഇടപാടില്‍ അനിലിനും പങ്കുള്ളതായി അറിഞ്ഞത്.
Discussion about this post