എറണാകുളം: വികസനത്തിന്റെ പാതയിലാണ് ഭാരതം. ലോകമെമ്പാടും ഇന്ത്യയുടെ കയ്യൊപ്പു പതിപ്പിക്കാനുള്ള ലക്ഷ്യത്തിന്റെ അടുത്ത ചുവടുവയ്‌പ്പെന്നോണം അന്റാർട്ടിക്കയിൽ പുതിയ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങുകയാണ് രാജ്യം. നാല് വർഷത്തിനകം അന്റാർട്ടിക്കയിൽ ‘മൈത്രി 2’ സ്ഥാപിക്കുമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജ്ജു പറഞ്ഞു. അന്റാർട്ടിക്കയിലെ ഗവേഷണ പദ്ധതികൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയുടെ പുതിയ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെവാച്ചിയിൽ 46-ാമത് അന്റാർട്ടിക് ഉടമ്പടി കൺസൾട്ടേറ്റീവ് മീറ്റിംഗ് (എടിസിഎം) ഉദ്ഘാടനം ചെയ്യുന്നതിനിടയിലായിരുന്നു കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. സൗരോർജവും കാറ്റിൽ നിന്നുള്ള വൈദ്യുതിയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന തരത്തിൽ നിർമ്മിക്കുന്ന ഗവേഷണ കേന്ദ്രം ആരംഭിക്കാനുള്ള പദ്ധതി എടിസിഎമ്മിൽ ഇന്ത്യ അവതരിപ്പിക്കും.
1989ൽ പ്രവർത്തനം തുടങ്ങിയ മൈത്രിക്ക് പകരമാണ് മൈത്രി 2 സ്ഥാപിക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ മൈത്രി ഇതിന്റെ രൂപകൽപ്പന പൂർത്തിയാകുമെന്ന് ഭൗമ ശാസ്ത്രമന്ത്രാലയം സെക്രട്ടറിയും സമ്മേളനത്തിലെ ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ മേധാവിയുമായ ഡോ. എം രവിചന്ദ്രൻ അറിയിച്ചു.
മൈത്രി, ഭാരതി എന്നീ രണ്ട് ഗവേഷണ കേന്ദ്രങ്ങളാണ് അന്റാർട്ടിക്കയിൽ നിലവിൽ ഇന്ത്യയ്ക്കുള്ളത്. വേനൽകാലത്ത് 100 ഇന്ത്യൻ ശാസ്‌റത്രജ്ഞർക്ക് വരെ ഈ രണ്ട് ഗവേഷണ കേന്ദ്രങ്ങളിലായി ഗവേഷണം നടത്താം.
മെയ് 20 മുതൽ 30 വരെയാണ് കൊച്ചിയിൽ എടിസിഎം നടക്കുന്നത്. അന്റാർട്ടിക് പാർലമെന്റ് എന്ന് കൂടി അറിയപ്പെടുന്ന ഈ പരിപാടിക്ക് ഇന്ത്യ അവസാനമായി ആതിഥേയത്വം വഹിച്ചത് 2007ൽ ന്യൂഡൽഹിയിലാണ്.
ശീതയുദ്ധത്തിന്റെ കാലത്ത് 1959ലാണ് അന്റാർട്ടിക് ഉടമ്പടി സ്ഥാപിതമായത്. സൈനികവൽക്കരണം, ആണവ പരീക്ഷണം, റേഡിയോ ആക്ടീവ് മാലിന്യ നിർമാർജനം എന്നിവ നിരോധിക്കുന്ന സാമാധാനപരവും ശാ്‌സത്രീയ ഗവേഷണങ്ങൾക്കും വേണ്ടി സമർപ്പിച്ചിരിക്കുന്ന ഒരു പ്രദേശമായി അന്റാർട്ടിക്കയെ ഈ ഉടമ്പടി മാറ്റുകയായിരുന്നു. 1983ലാണ് ഇന്ത്യ അന്റാർട്ടിക് ഉടമ്പടിയുടെ പങ്കാളിയായത്. ഉടമ്പടിയുടെ പങ്കാളിയായി മാറിയതോടെ, അന്റാർട്ടിക്കയിൽ ഇന്ത്യ നടത്തുന്ന ഇടപെടലുകൾ ഏറെ ശ്രദ്ധേയമാണ്.
1981ലാണ് ഇന്ത്യ അന്റാർട്ടിക് ശാസ്ത്ര ഗവേഷണ കേന്ദ്രം ആരംഭിച്ചത്. 1983ൽ അതിന്റെ ആദ്യ ഗവേഷണ കേന്ദ്രമായ ദക്ഷിണ ഗംഗോത്രി സ്ഥാപിച്ചു. 1983ൽലാണ് മൈത്രി സ്‌റ്റേഷൻ സ്ഥാപിച്ചത്. 2012ൽ ഇന്ത്യ അതിന്റെ മൂന്നാമത്തെ ഗവേഷണ കേന്ദ്രമായ ഭാരതിയും അന്റാർട്ടിക്കയിൽ യാഥാർത്ഥ്യമായി.
Discussion about this post