കളിചിരികളും കുട്ടികുറുമ്പുമായി വീണ്ടുമൊരു അദ്ധ്യയന വർഷം കൂടി ആരംഭിക്കാൻ പോകുന്നു. അറിവിന്റെ വെളിച്ചത്തിലൂടെ പുതിയ മാനങ്ങൾ തീർക്കാൻ ഉത്സാഹിച്ചെത്തുന്നവരെ കാത്ത് കഴുകൻ കണ്ണുകളാണ് പുറത്ത്. ജൂൺ മൂന്നിന് സ്‌കൂൾ തുറക്കാനായി കാത്തിരിക്കുന്നവരിൽ ലഹരി മാഫിയകളും ഉണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.
പലവിധ പ്രലോഭനങ്ങൾ ഒരുക്കിയാണ് ഈ നീചശക്തികൾ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ലഹരിയുടെ വല വിരിച്ചിരിക്കുന്നത്. കാലം മാറിയതിനൊപ്പം പുതിയ രീതിയിലൂടെയാണ് ലഹരി വിപണനവും. സമൂഹമാദ്ധ്യമങ്ങളിലും ഓൺലൈനിലും ഓർഡർ നൽകിയാൽ ലഹരി വസ്തുക്കൾ അതീവ രഹസ്യമായി എത്തിക്കുമെന്നാണ് വിവരം. സൗജന്യമായി ലഹരി നൽകി വിദ്യാർത്ഥികളെ അടിമകളാക്കിയശേഷം, ലഹരികടത്താനും വിൽക്കാനും ക്രിമിനൽ കുറ്റങ്ങൾക്കും ഉപയോഗിക്കുന്നതാണ് ഇത്തരം സംഘങ്ങളുടെ രീതി.
1140 സ്കൂളുകളിൽ ലഹരി ഇടപാട് എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. കോളേജ് വിദ്യാർത്ഥികളിൽ 31.8 ശതമാനം ലഹരി ഉപയോഗിക്കുന്നു. നിറവും മണവുമില്ലാത്ത രാസലഹരി അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും തടയാനാവുന്നില്ല. സ്‌കൂളുകളിൽ 325കുട്ടികളുടെ ലഹരി ഉപയോഗം കണ്ടെത്തിയെങ്കിലും 183എണ്ണം മാത്രമാണ് എക്‌സൈസിനെയോ പോലീസിനെയോ അറിയിച്ചത്. വിദ്യാർത്ഥികൾ സഹപാഠികൾക്ക് ലഹരിമരുന്നുകൾ വിൽക്കുന്നതാണ് ഭീഷണി. അഫ്ഗാൻ, ആഫ്രിക്കൻ രാസലഹരികളാണ് അപകടകരം. 100രൂപയ്ക്ക് പത്തുമണിക്കൂർ ലഹരികിട്ടുന്ന നാവിലൊട്ടിക്കുന്ന സ്റ്റിക്കറുകൾ സുലഭമാണ്.
സ്റ്റാമ്പ്, സ്റ്റിക്കർ, ഗുളിക, ചോക്ലേറ്റ്, ച്യൂയിംങ്ഗം രൂപത്തിലും പഞ്ചസാരയും ഉപ്പും പോലെ തരികളായും രാസലഹരി ലഭ്യമാണ്. ഒരിക്കൽ ഉപയോഗിച്ചാൽ ആജീവനാന്തം അടിമകളാക്കും. ലഹരികലർന്ന മിഠായികൾ, ശീതളപാനീയങ്ങൾ, ബബിൾഗം എന്നിവയെല്ലാം സ്‌കൂൾ പരിസരത്ത് വ്യാപകമാണ്. മിക്കിമൗസ്, സൂപ്പർമാൻ മുതൽ കിംഗ്‌കോംഗ് വരെയുള്ള കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ള മിഠായികളും സംശയകരമാണ്. ഗൊറില്ലയുടെ ചിത്രവുമായി 200എൽ.എസ്.ഡി സ്റ്റാമ്പുകളും പിടികൂടിയിരുന്നു. വിദ്യാർത്ഥികൾക്ക് ലഹരി എത്തിക്കുന്ന 228 മയക്കുമരുന്ന് ഇപാടുകാരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് മൂന്ന് സ്‌കൂൾ വിദ്യാർത്ഥിനികളെ ലഹരിക്കടിമയാക്കി ചൂഷണം ചെയ്തത് അടുത്തിടെയാണ്.
സംസ്ഥാനത്ത് മാരക ലഹരി മരുന്നുകളുടെ ഉപയോഗം വർദ്ധിക്കുന്നതായി എക്‌സൈസ് വകുപ്പും സാക്ഷ്യപ്പെടുത്തിയിരുന്നു. മുൻവർഷങ്ങളിൽ വ്യാജ മദ്യവും വാറ്റുചാരായവും കഞ്ചാവും ആയിരുന്നു പിടികൂടുന്നതിൽ ഏറെയും. എന്നാൽ ഇന്ന് സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ പോലും മാരക ലഹരി മരുന്നായ എംഡിഎംഎ ഉപയോഗം വലിയ തോതിൽ വർദ്ധിക്കുകയാണ്. ഈ കെണിയിൽ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. കുട്ടികളെ കാത്തിരിക്കുന്ന വേട്ടകണ്ണുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും കുട്ടികൾക്ക് ലഹരിയിൽ ആശ്വാസം കണ്ടത്തേണ്ടി വരുന്ന അവസ്ഥ ഇല്ലാതാക്കുകയുമാണ് നമ്മൾ ചെയ്യേണ്ടത്.
Discussion about this post