ഡെറാഡൂൺ: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്ന് ഉത്തരാഖണ്ഡ് കോൺഗ്രസിൽ നേതൃത്വ പ്രതിസന്ധി രൂക്ഷമാകുന്നു. സംസ്ഥാനത്തിന്റെ സഹചുമതലയുള്ള പാർട്ടി ദേശീയ സെക്രട്ടറി ദീപിക പാണ്ഡെ ഔദ്യോഗിക ചുമതലകളിൽ നിന്നും രാജി വെച്ചു.
പാർട്ടിയെ സേവിക്കാൻ അവസരം നൽകിയതിന് കോൺഗ്രസ് ഹൈക്കമാൻഡിന് നന്ദി അറിയിക്കുന്നതായി അവർ പറഞ്ഞു. നിലവിൽ മഹാഗാമ മണ്ഡലത്തിൽ നിന്നുള്ള എം എൽ എ ആണ് ദീപിക.
ഉത്തരാഖണ്ഡിൽ അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷ വെച്ച് പുലർത്തിയിരുന്ന കോൺഗ്രസ് തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്. കോൺഗ്രസ് വെറും 19 സീറ്റുകളിൽ ഒതുങ്ങിയപ്പോൾ ബിജെപി 47 സീറ്റുകളുമായി അധികാരം നിലനിർത്തുകയായിരുന്നു.











