ടൊറോന്റൊ: കാനഡയിലെ ടൊറോന്റോയിൽ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ശനിയാഴ്ച പ്രാദേശിക സമയം 3.45നായിരുന്നു സംഭവം. അപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവർ നിലവിൽ ചികിത്സയിലാണ്.
വിദ്യാർത്ഥികൾ സഞ്ചരിക്കുകയായിരുന്ന പാസഞ്ചർ വാൻ ഒന്റാറിയോ ദേശീയപാതയിൽ വെച്ച് ഒരു ട്രാക്ടർ ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഹർപ്രീത് സിംഗ്, ജസ്പീന്ദർ സിംഗ്, കരൺപാൽ സിംഗ്, മോഹിത് ചൗഹാൻ, പവൻ കുമാർ എന്നിവരാണ് മരിച്ചത്. എല്ലാവരും 21 വയസ്സിനും 24 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണ്.
കൊല്ലപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്ക് ചേരുന്നതായി കാനഡയിലെ ഇന്ത്യൻ എംബസി അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് എംബസി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. ദുരന്തത്തിൽ വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കർ അനുശോചനം രേഖപ്പെടുത്തി.








