ഡൽഹി: സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന ഹിന്ദി ചലച്ചിത്രം കശ്മീർ ഫയൽസിന്റെ വ്യാജ പതിപ്പ് ഡൗൺലോഡ് ചെയ്യാൻ ടെലിഗ്രാം/ വാട്സാപ്പ് ലിങ്കുകൾ ക്ലിക്ക് ചെയ്തവർക്ക് പണം നഷ്ടമായതായി റിപ്പോർട്ട്. 30 ലക്ഷം വരെ നഷ്ടമായവർ പരാതി പോലും കൊടുക്കാൻ പറ്റാത്ത അവസ്ഥയിലാണെന്നാണ് വിവരം.
ചിത്രം ഡൗൺലോഡ് ചെയ്യാൻ എന്ന പേരിൽ വാട്സാപ്പ് വഴി പ്രചരിപ്പിക്കപ്പെടുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തവർക്കാണ് അധികവും പണം നഷ്ടമായിരിക്കുന്നതെന്ന് നോയിഡ എഡിസിപി രൺവിജയ് സിംഗ് പറയുന്നു. ടെലിഗ്രാം ലിങ്കിൽ ക്ലിക്ക് ചെയ്ത ചിലർക്ക് അസഭ്യവർഷം അടങ്ങിയ ഓഡിയോ ഫയൽ ലഭിച്ചു. ചിലരുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ഹാക്കർമാർ വീഡിയോ ഫോർമാറ്റിൽ അവർക്ക് തന്നെ അയച്ച് കൊടുത്തു.
ഇത്തരത്തിൽ ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് അപകടം വിളിച്ച് വരുത്തുമെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകുന്നു. പരിചയമുള്ള ആരെങ്കിലും ഇത്തരത്തിൽ ലിങ്കുകൾ അയച്ചു തന്നാൽ അവരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തണമെന്നും പൊലീസ് അറിയിക്കുന്നു.
Discussion about this post