ബംഗളൂരു: രാജ്യത്തെ ഭീതിയുടെ മുള്‍മുനയിലാക്കിയ സംഭവമായിരുന്നു മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് കണ്ടെത്തിയ സംഭവം. 2020 ജനുവരി 20നാണ് മംഗളൂരു രാജ്യാന്തര വിമാനത്താവള ടെര്‍മിനലിലെ ടിക്കറ്റ് കൗണ്ടറിന് സമീപം ഉപേക്ഷിച്ച ബാഗില്‍ നിന്ന് സ്ഫോടകവസ്തു കണ്ടെത്തിയത്. തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കുകയും അടിയന്തിര ജാഗ്രത നിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ പ്രതിയായ ആദിത്യ റാവുവിന് കഴിഞ്ഞ ദിവസം കോടതി 20 വര്‍ഷം കഠിനതടവ് വിധിച്ചതോടെയാണ് സംഭവം വീണ്ടും ചര്‍ച്ചയായത്.
തീവ്രവാദ ബന്ധം വരെ ആരോപിക്കപ്പെട്ട കേസില്‍, അന്വേഷണം പുരോഗമിക്കുന്നതിനിടെ നാടകീയമായിട്ടായിരുന്നു പ്രതി ഉഡുപ്പി മണിപ്പാല്‍ സ്വദേശിയായ ആദിത്യ റാവു ബംഗളൂരു പൊലീസില്‍ കീഴടങ്ങിയത്. പിന്നാലെ, ‘ഇയാള്‍ക്ക് മാനസിക പ്രശ്നം ഉള്ളതായി സംശയിക്കുന്നു’ എന്നായിരുന്നു പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍, മെക്കാനിക്കല്‍ എന്‍ജിനീയറായ പ്രതി ആദിത്യ റാവു ബോധപൂര്‍വമാണ് ബോംബ് സ്ഥാപിച്ചതെന്നായിരുന്നു മംഗളൂരുവിലെ നാലാം അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ബി.ആര്. പല്ലവിയുടെ കണ്ടെത്തല്‍. പ്രതിക്ക് 20 വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 2018-ല്‍ ബംഗളൂരു കെംപെഗൗഡ വിമാനത്താവളത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഫോണ്‍കാളിനെ തുടര്‍ന്നും ഇയാള്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ ഒരുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ജാമ്യത്തില്‍ ഇറങ്ങിയപ്പോഴായിരുന്നു മംഗളൂരുവില്‍ ബോംബ് വെച്ചത്.
Discussion about this post