ബംഗളൂരു: ദേശവിരുദ്ധ പാഠങ്ങള്‍ പഠിപ്പിക്കുന്ന സാഹചര്യത്തില്‍ മദ്രസകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എ. മുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടതായും എം.പി രേണുകാചാര്യ പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കൂടിയാണ് രേണുകാചാര്യ.
”മദ്രസകള്‍ നിരോധിക്കണമെന്ന് മുഖ്യമന്ത്രിയോടും വിദ്യാഭ്യാസ മന്ത്രിയോടും ആവശ്യപ്പെടുകയാണ്. ഹിന്ദു, ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മറ്റ് സ്കൂളുകള്‍ നമുക്കില്ലേ? നിങ്ങള്‍ ഇവിടെ ദേശവിരുദ്ധ പാഠങ്ങളാണ് പഠിപ്പിക്കുന്നത്. ഒന്നുകില്‍ അവ നിരോധിക്കപ്പെടണം. അല്ലെങ്കില്‍ മറ്റ് സ്കൂളുകളിലേ അതേ പാഠ്യപദ്ധതി തന്നെ ഇവിടെയും പഠിപ്പിക്കണം.”- രേണുകാചാര്യ ആവശ്യപ്പെട്ടു.
ഹിജാബ് വിവാദത്തിലെ കോണ്‍ഗ്രസിന്റെ നിലപാടിനെയും എം.എല്‍.എ വിമര്‍ശിച്ചു. ഹിജാബ് വിവാദം ആരാണ് സൃഷ്ടിച്ചതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. വോട്ട് ബാങ്കാണോ നിങ്ങള്‍ക്ക് കൂടുതല്‍ പ്രധാനം? മദ്രസകള്‍ ആവശ്യമുണ്ടോ എന്ന കാര്യവും കോണ്‍ഗ്രസ് പറയണം. മദ്രസകള്‍ പ്രചരിപ്പിക്കുന്നതെന്താണ്? ചെറിയ കുട്ടികളെയാണ് അവര്‍ ഇളക്കിവിടുന്നത്. നാളെ അവര്‍ നമ്മുടെ രാജ്യത്തിനെതിരെ രംഗത്തുവരും. ‘ഭാരത് മാതാ കീ ജയ്’ പറയാന്‍ തയാറാകില്ലെന്നും രേണുകാചാര്യ കൂട്ടിച്ചേര്‍ത്തു.
ചില ദേശവിരുദ്ധ സംഘടനകള്‍ കര്‍ണാടക ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സര്‍ക്കാര്‍ അനുവദിച്ചുകൊടുക്കാന്‍ പാടുണ്ടോ? ഇത് പാകിസ്താനോ ബംഗ്ലാദേശോ ഏതെങ്കിലും ഇസ്ലാമിക രാജ്യമോ ആണോ?-എം.പി രേണുകാചാര്യ വിമര്‍ശിച്ചു.
Discussion about this post