ഇൻഡോർ: വീട്ടിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം നീക്കാൻ ഉടമസ്ഥർ ഭീഷണിപ്പെടുത്തുന്നു എന്ന പരാതിയുമായി വാടകക്കാരൻ പൊലീസ് സ്റ്റേഷനിൽ. ഇൻഡോർ സ്വദേശിയായ യൂസഫ് ഖാനാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അകമഴിഞ്ഞ് ബഹുമാനിക്കുന്നത് കൊണ്ടാണ് താൻ അദ്ദേഹത്തിന്റെ ചിത്രം വീട്ടിൽ തൂക്കിയത് എന്ന് യൂസഫ് ഖാൻ പറഞ്ഞു.
യാക്കൂബ് മൻസൂരി, സുൽത്താൻ മൻസൂരി, ഷരീഫ് മൻസൂരി തുടങ്ങിയവരാണ് വീട്ടുടമസ്ഥർ. ഇവരാണ് ഭീഷണിപ്പെടുത്തുന്നതെന്നാണ് യൂസഫിന്റെ പരാതി.
താൻ സംഘപരിവാർ ആശയങ്ങൾ അംഗീകരിക്കുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട നിലപാട് ഒളിച്ചുവെക്കാൻ ആഗ്രഹിക്കുന്നില്ലെന്നും യൂസഫ് പറയുന്നു.
ഓരോ വ്യക്തിക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നും താൻ താമസിക്കുന്ന വീട്ടിൽ തനിക്ക് ഇഷ്ടമുള്ള ചിത്രം വെക്കാൻ യൂസഫിന് ആരെയും ഭയക്കേണ്ടതില്ലെന്നും പരാതി പരിഗണിച്ച അഡീഷണൽ ഡിസിപി മനീഷ പഥക് സോണി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാൻ സദാർ ബസാർ പൊലീസിന് നിർദേശം നൽകിയതായും അവർ വാർത്താ ഏജൻസിയോട് പറഞ്ഞു.
Discussion about this post