മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ലുക്കൗട്ട് നോട്ടീസ് നിലനിൽക്കെ രാജ്യം വിടാനൊരുങ്ങിയ മാധ്യമപ്രവർത്തക റാണ അയ്യൂബിനെ വിമാനത്താവളത്തിൽ തടഞ്ഞു. ഇഡിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. കൊവിഡ് ദുരിതാശ്വാസത്തിന്റെ പേരിൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ ഏപ്രിൽ 1ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി റാണ അയ്യൂബിനോട് ആവശ്യപ്പെട്ടു.
കൊവിഡ് ദുരിതാശ്വാസത്തിന്റെ പേരിൽ പിരിച്ചെടുത്ത പണം ദുരുപയോഗം ചെയ്ത കേസിൽ റാണ അയ്യൂബ് അന്വേഷണം നേരിടുകയാണ്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇഡി ഇവരിൽ നിന്ന് 1.77 കോടി രൂപ കണ്ടു കെട്ടിയിരുന്നു. ഓൺലൈൻ ധനസമാഹരണ പ്ലാറ്റ്ഫോമായ കെറ്റോ വഴിയാണ് ഇവർ പണം പിരിച്ചതെന്നും വ്യക്തമായിരുന്നു.
ദുരിതാശ്വാസത്തിന്റെ പേരിൽ ഇവർ 2.69 കോടി രൂപ സമാഹരിച്ചു. ഇതിൽ 80.49 കോടി രൂപ വിദേശത്ത് നിന്നുമാണ് സ്വരൂപിച്ചത്. ഇവർ വിദേശ വിനിമയ ചട്ടം ലംഘിച്ചെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയതിനെ തുടർന്ന് ഈ തുക സംഭാവന നൽകിയവർക്ക് തന്നെ തിരിച്ചു നൽകിയിരുന്നു.
എഴുപത് ലക്ഷം രൂപ ദുരിതാശ്വാസത്തിനായി ചെലവിട്ടു എന്ന് ഇവർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മൊഴി നൽകിയിരുന്നു. എന്നാൽ 28 ലക്ഷം രൂപ മാത്രമാണ് ദുരിതാശ്വാസത്തിന് ചെലവിട്ടതെന്നും ബാക്കി പണം ദുരുപയോഗം ചെയ്യുകയായിരുന്നു എന്നുമാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.
Discussion about this post