കൊച്ചി: കേസിന്റെ പേരില്‍ അന്വേഷണ സംഘം തന്നെ പീഡിപ്പിക്കുകയാണെന്ന് നടന് ദിലീപ് കോടതിയില്‍ ആരോപിച്ചു. വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിരന്തരം റെയ്ഡ് നടത്തുകയാണ്. അന്വേഷണ സംഘം തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതിയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ 87 വയസ്സുള്ള അമ്മയുടെ മുറിയില്‍ പോലും പരിശോധനയുടെ പേരില്‍ പൊലീസ് കയറിയിറങ്ങി. തനിക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകളില്ലെന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു.
അതേസമയം വധഗൂഢാലോചനയ്ക്ക് തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന് ഹൈക്കോടതിയെ അറിയിച്ചു. സംവിധായകന് ബാലചന്ദ്രകുമാര്‍ ഓഡിയോകളും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂഷന് പറഞ്ഞു.അങ്ങനെയെങ്കില്‍ കേസില്‍ ബാലചന്ദ്രകുമാര്‍ എന്തുകൊണ്ട് ഫസ്റ്റ് ഇന്‍ഫോര്‍മര്‍ ആയില്ലെന്ന് കോടതി ചോദിച്ചു. വെറുതെ പറയുന്നത് വധ ഗൂഢാലോചന ആകുമോയെന്നും ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ ഒരു കുറ്റകൃത്യം ചെയ്യേണ്ടേയെന്നും കോടതി ചോദിച്ചു. എന്നാല്‍ ദിലീപ് പറഞ്ഞത് വെറും വാക്കല്ലെന്ന് പ്രോസിക്യൂഷന് മറുപടി നല്കി.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നാളെയും വാദം തുടരും.
Discussion about this post