കണ്ണൂർ: ബിജെപി പ്രവേശനത്തിനായി ഇ.പി ജയരാജൻ ചർച്ച നടത്തിയെന്ന വെളിപ്പെടുത്തലിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ.പി ജയരാജൻ കുറച്ചുകൂടി ജാഗ്രത പാലിക്കണം ആയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിലരുമായി സ്‌നേഹബന്ധം സൂക്ഷിക്കുന്നത് അപകടമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇ.പി ജയരാജൻ എല്ലാവരോടും സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളാണ്. പ്രകാശ് ജാവ്‌ദേക്കറിനെ കണ്ടതും സംസാരിച്ചതുമൊന്നും തെറ്റല്ല. എന്നാൽ ജാഗ്രത പാലിക്കണം ആയിരുന്നു. കേരളം മുഴുവൻ സംശയത്തോടെ ഉറ്റുനോക്കുന്ന ഒരാൾ ഇതിന് സാക്ഷിയായി എന്നതാണ് മറ്റൊരു കാര്യം. അയാൾക്ക് പണം മാത്രമാണ് വേണ്ടത്. പണം കൊടുക്കുന്നതിന് അനുസരിച്ച് അയാൾ വാദങ്ങൾ നിരത്തുമെന്നും പിണറായി വ്യക്തമാക്കി.
പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമെന്നാണ് ചൊല്ല്. അതിനാൽ ഇത്തരം ആളുകളോട് സൗഹൃദം സൂക്ഷിക്കുന്നത് ശ്രദ്ധിച്ച് വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതോടെ പ്രകാശ് ജാവ്‌ദേക്കറുമായി സംസാരിച്ചുവെന്ന് ഇ.പി ജയരാജൻ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മകന്റെ ഫ്‌ളാറ്റിൽ എത്തിയാണ് പ്രകാശ് ജാവ്‌ദേക്കർ കണ്ടത് എന്നാണ് ഇപിയുടെ വിശദീകരണം. താൻ ഫ്‌ളാറ്റിൽ ഉണ്ടെന്നത് അറിഞ്ഞ് കാണാനും പരിചയപ്പെടാനുമായിട്ടാണ് അദ്ദേഹം എത്തിയത്. രാഷ്ട്രീയം ചർച്ചയായില്ലെന്നും ഇപി വ്യക്തമാക്കി.
Discussion about this post