മുംബൈ: മദ്യലഹരിയിൽ മുൻ മുംബൈ ഇന്ത്യൻസ് താരം പതിനഞ്ചാം നിലയിൽ നിന്ന് തലകീഴായി താഴേക്ക് പിടിച്ചു എന്ന യുസ്വേന്ദ്ര ചാഹലിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ക്ഷുഭിതനായി രവി ശാസ്ത്രി. ആ കളിക്കാരൻ ആരായാലും അയാളെ ക്രിക്കറ്റിൽ നിന്നും ആജീവനാന്തം വിലക്കണമെന്ന് രവി ശാസ്ത്രി ആവശ്യപ്പെട്ടു. അയാളെ എത്രയും വേഗം ലഹരി വിമുക്ത പുനരധിവാസ കേന്ദ്രത്തിലാക്കണമെന്നും രവി ശാസ്ത്രി ആവശ്യപ്പെട്ടു.
സമാനമായ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗും രംഗത്ത് വന്നു. എന്നാൽ ഐപിഎല്ലും മുംബൈ ഇന്ത്യൻസും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
2013 സീസണിൽ മുംബൈ ഇന്ത്യൻസ് താരമായിരിക്കുമ്പോഴായിരുന്നു തനിക്ക് ദുരനുഭവം ഉണ്ടായത് എന്നായിരുന്നു ചാഹലിന്റെ വെളിപ്പെടുത്തൽ. മദ്യപിച്ചെത്തിയ താരം തന്നെ പതിനഞ്ചാം നിലയിൽ നിന്നും താഴേക്ക് തലകീഴായി തൂക്കിയിട്ടു. അയാളുടെ കഴുത്തിൽ മുറുകെ പിടിച്ച് അലമുറയിട്ട തന്നെ മറ്റ് കളിക്കാർ വന്ന് രക്ഷപ്പെടുത്തുകയായിരുന്നു എന്നാണ് കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസ് സഹതാരം രവിചന്ദ്രൻ അശ്വിന് അയച്ച വീഡിയോ സന്ദേശത്തിൽ ചാഹലിന്റെ വെളിപ്പെടുത്തൽ.











