ലഖ്നൗ: ഉത്തർ പ്രദേശ് എം എൽ സി തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടി ബിജെപി. ഉത്തർ പ്രദേശ് നിയമസഭയിലെ ഉപരിസഭയായ ലെജിസ്ലേറ്റീവ് സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 36 സീറ്റുകളിൽ 33 എണ്ണത്തിലും ബിജെപി സ്ഥാനാർത്ഥികൾ വിജയം നേടി. സമാജ് വാദി പാർട്ടിയും കോൺഗ്രസും തകർന്നടിഞ്ഞു.
ഭരണത്തിലിരിക്കുന്ന പാർട്ടി തന്നെ എം എൽ സിയിലും വൻ വിജയം ആവർത്തിക്കുന്നത് പതിറ്റാണ്ടുകൾക്കിടെ ആദ്യമാണ്. ഒൻപത് സീറ്റുകളിലേക്ക് എതിരില്ലാതെയായിരുന്നു ബിജെപിയുടെ വിജയം. ഈ വിജയത്തോടെ ഉത്തർ പ്രദേശ് നിയമസഭയിലെ ഇരു സഭകളിലും ബിജെപിക്ക് മേൽക്കൈ ലഭിച്ചു. നിലവിൽ ലെജിസ്ലേറ്റീവ് സമിതിയിൽ ബിജെപി അംഗങ്ങളുടെ എണ്ണം 34 ആയി.
സമാജ് വാദി പാർട്ടിക്ക് എം എൽ സിയിൽ 17 അംഗങ്ങളാണ് ഉള്ളത്. ബിഎസ്പിക്ക് 4 അംഗങ്ങൾ ഉണ്ട്. സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച വിവാദ ഡോക്ടർ കഫീൽ ഖാനും തോറ്റു. ദിയേറിയ- ഖുശിനഗർ സീറ്റിൽ ബിജെപി സ്ഥാനാർത്ഥി രത്തൻ പാൽ കഫീൽ ഖാനെ 3,251 വോട്ടുകൾക്ക് പരാജയപ്പെടുത്തി.










