തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസിന് പാര്‍ട്ടി അംഗത്വ വിതരണത്തില്‍ കനത്ത തിരിച്ചടി. ലക്ഷ്യമിട്ട അംഗങ്ങളുടെ എണ്ണത്തില്‍ പകുതി പോലും പൂര്‍ത്തീകരിക്കാന്‍ കെപിസിസിക്കും ബന്ധപ്പെട്ട കമ്മിറ്റികള്‍ക്കും സാധിച്ചില്ല.
കഴിഞ്ഞ വര്‍ഷം നവംബറില്‍ കോണ്‍ഗ്രസിന്റെ അംഗത്വ വിതരണ ക്യാമ്പയിന്‍ ആരംഭിച്ചത്. മാര്‍ച്ച് 31-നായിരുന്നു ക്യാമ്പയിന്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചിരുന്ന കാലപരിധി. എന്നാല്‍ സംസ്ഥാനത്ത് ലക്ഷ്യമിട്ടതിന്റെ നാലിലൊന്ന് പോലും ചേര്‍ക്കാന്‍ മാര്‍ച്ച് 31-നുള്ളില്‍ സാധിച്ചില്ല.
ലക്ഷ്യത്തിന്റെ അടുത്ത് പോലും എത്താൻ സാധിക്കാത്ത സാഹചര്യത്തിൽ അംഗത്വ വിതരണം 15 ദിവസം കൂടി നീട്ടി. ഏപ്രില്‍ 15 വരെ കെപിസിസി നീട്ടിയ അംഗത്വ വിതരണം ഇന്നലെ രാത്രിയോടെ അവസാനിച്ചപ്പോഴും ലക്ഷ്യമിട്ടതിന്റെ പകുതി പോലും ആയിട്ടില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
പാർട്ടി ദേശീയ പുനഃസംഘടനയുടെ ഭാഗമായിട്ടാണ് രാജ്യവ്യാപകമായിട്ടും കേരളത്തിലും കോൺഗ്രസ് അംഗത്വ വിതരണം നടത്തുന്നത്.










