കൊച്ചി: സംവരണ വിരുദ്ധ ലേഖനമെഴുതിയ ‘മാധ്യമ’ ത്തിന്റെയും ‘മീഡിയാവണ്‍’ ചാനലിന്റെയും എഡിറ്റര്‍ ഒ അബ്ദുറഹ്മാനെതിരെ ജമാഅത്തെ ഇസ്ലാമിക്കും പോഷക സംഘടനകള്‍ക്കുമിടയില്‍ പ്രതിഷേധം. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫയര്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കരയാണ് രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്ത്രികള്‍ക്ക് അന്‍പതു ശതമാനം സംവരണം ഏര്‍പ്പെടുത്തിയതില്‍ മനംനൊന്തിരിക്കുന്നവരുടെ കൂട്ടത്തില്‍ കാന്തപുരം മാത്രമല്ല ഒ അബ്ദുള്‍ റഹ്മാനും ഉള്‍പ്പെടുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് തന്റെ ഫെയ്സ്ബുക്കില്‍ ശ്രീജ കുറിച്ചു. മാധ്യമം ഓണ്‍ലൈനില്‍ ആദിവാസി, ദളിത് വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും സംവരണം ഏര്‍പ്പെടുത്തിയതിന്റെ ‘കെടുതി’കള്‍ അക്കമിട്ട് നിരത്തിയാണ് ലേഖനം. സ്ത്രീ സംവരണം കുടുംബ ബന്ധത്തെ ബാധിക്കുന്നു എന്ന് പോലും അദ്ദേഹം ‘സാക്ഷ്യ’പ്പെടുത്തുന്നു.
സംവരണം തുല്യനീതിയെ അട്ടിമറിക്കുന്നു എന്നതാണ് മറ്റൊരു കണ്ടുപിടുത്തം. ആദിവാസിക്കും സ്ത്രിക്കും ദളിതനുമൊക്കെ സംവരണത്തിന് മുന്‍പ് തുല്യ നീതി കിട്ടിയിരുന്നോ എഡിറ്ററെയെന്നും അവര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
ലേഖനം വായിച്ചു കഴിഞ്ഞപ്പോള്‍ ഓര്മ വന്നത് മോഹന്‍ ഭാഗവതിനെയാണ്. ആദിവാസി, ദളിത്, സ്ത്രീ വിഷയങ്ങളില്‍ മാധ്യമത്തിന്റെ എഡിറ്റര്‍ക്കും ആര്.എസ്.എസ് നേതൃത്വത്തിനും ഒരേ നിലപാട് തന്നെയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
സിത്രീ സംവരണം വെട്ടിക്കുറയ്ക്കണമെന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരെ പോലുള്ളവരുടെ പിന്തിരിപ്പന് നയം ഒ.അബ്ദു റഹ്മാനെ പോലുള്ള ബുദ്ധിജീവികളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് വെല്‍ഫയര്‍പാര്‍ട്ടി ദേശീയ സെക്രട്ടറി അംബുജാക്ഷന് പറഞ്ഞു. സാമൂഹ്യ നീതിയുടെ ഭാഗമായി ഭരണഘടന വിഭാവനം ചെയ്യുന്നതാണ് സ്ത്രീ, ദളിത്, ആദിവാസി സംവരണങ്ങളെല്ലാം. ജനസംഖ്യാപരമായി എല്ലാ വിഭാഗത്തിനും പ്രാധിനിത്യം ലഭിക്കാനാണ്.
അധികാരം മേലാളവര്‍ഗത്തിന്റെ കുത്തകയല്ല. ഇത് നിഷേധിക്കുന്നത് ഭരണഘടനയുടെ മൂല്യത്തിന് എതിരാണ്. രാഷ്ട്രീയ രംഗത്ത് സംവരണം നടപ്പാക്കുമ്പോള്‍ ഒരു സമുദായത്തിന് ഭൂരിപക്ഷമുള്ളിടത്ത് അവരുടെ വിഭാഗത്തില്‍ പെട്ട പ്രതിനിധി തന്നെ വരണമെന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post