തിരുവനന്തപുരം: ചോദ്യ പേപ്പറിന് പകരം ഉത്തര സൂചിക നൽകിയതിനെ തുടർന്ന് കേരള സർവകലാശാലയിൽ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷയ്ക്ക് ഹാജരായ വിദ്യാര്‍ഥിക്കാണ് ചോദ്യക്കടലാസിന് പകരം ഉത്തര സൂചിക നൽകിയത്. കോവിഡ് ബാധിച്ച് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന നാലാം സെമസ്റ്റര്‍ ബി.എസ്.സി ഇലക്ട്രോണിക്സ് വിദ്യാര്‍ഥിക്കാണ് ഉത്തര സൂചിക ലഭിച്ചത്.
കേരള സര്‍വകലാശാല പരീക്ഷാ കൺട്രോളറുടെ ഓഫീസില്‍ നിന്നും ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക പ്രിന്റ് ചെയ്ത് നല്‍കുകയായിരുന്നു. തിരുവനന്തപുരത്തെ വിദ്യാർത്ഥിക്കാണ് ഫെബ്രുവരിയില്‍ സിഗ്നല്‍സ് & സിസ്റ്റംസ് പരീക്ഷ നടത്തിയത്. പരീക്ഷാഹാളിലെത്തിയ വിദ്യാര്‍ഥിക്ക് ഇന്‍വിജിലേറ്റര്‍ ചോദ്യക്കടലാസിന് പകരം ഉത്തരസൂചിക നല്‍കുകയായിരുന്നു.
എല്ലാ ഉത്തരവും ശരിയായി പകര്‍ത്തി എഴുതി വിദ്യാര്‍ഥി ഇന്‍വിജിലേറ്റര്‍ക്ക് ഉത്തരക്കടലാസ് നല്കി. മൂല്യനിര്‍ണയത്തിനായി രണ്ടാഴ്ച മുന്‍പ് ഉത്തരപ്പേപ്പര്‍ അധ്യാപകന്റെ കൈയിലെത്തിയപ്പോഴാണ് സര്‍വകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച പുറത്തായത്. മൂല്യനിര്‍ണയത്തിനായി നല്‍കിയതില്‍ ഉത്തരസൂചികയും ഉത്തരക്കടലാസും മാത്രമായതിനാല്‍ ചോദ്യപ്പേപ്പര്‍ കൂടി നല്‍കണമെന്ന് അധ്യാപകന് പരീക്ഷാ വിഭാഗത്തോട് ആവശ്യപ്പെട്ടപ്പോഴാണ് സംഭവം വെളിച്ചത്തായത്.
Discussion about this post